
ദില്ലി: ദില്ലി-ജയ്പൂർ ദേശീയപാതയിൽ ടോൾ ബൂത്തിൽ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്നും ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിന്റെ വ്യാപ്തി വ്യക്തമായത്. ജയ്പൂരിലെ ഹിങ്കോണിയ ടോൾ ബൂത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ടോൾ ബൂത്തിലിരിക്കുന്ന നീല ടീ ഷർട്ട് ധരിച്ച ജീവനക്കാരനെ ദൃശ്യങ്ങളിൽ കാണാം. നിമിഷങ്ങൾക്കകം വലിയൊരു സ്ഫോടനമുണ്ടാവുകയും ടോൾ ബൂത്തിൻ്റെ ചില്ല് തകരുകയും ചെയ്തു. പൊട്ടിത്തെറിച്ച ടയറിൻ്റെ ഭാഗം വന്ന് പതിച്ചാണ് ചില്ലു പാളി തകർന്നത്. ഈ ചില്ല് ജീവനക്കാരൻ്റെ ശരീരത്തിൽ വീണെങ്കിലും, അയാൾക്ക് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ടോൾ ബൂത്തിനുള്ളിലെ കമ്പ്യൂട്ടറും തകർന്നു. ഉഗ്ര ശബ്ദത്തോടെയുള്ള ഈ സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.
നേരത്തെ രാജസ്ഥാനിലെ ദുദു ജില്ലയിൽ ഒരു രാജസ്ഥാൻ റോഡ്‌വേസിന്റെ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് ഒരു വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചിരുന്നു. ജയ്പൂരിൽ നിന്ന് അജ്മീറിലേക്ക് പോവുകയായിരുന്ന ബസാണ് അന്ന് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിയതിനെത്തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബസ് അതുവഴി വന്ന വാനുമായി കൂട്ടിയിടിക്കുകയും ചെയ്തു. മരിച്ചവരെല്ലാം ഉത്തർപ്രദേശിലെ പ്രയാഗ് രാജിലേക്ക് മഹാകുംഭത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു.