
ഗാസിയാബാദ്: ബോളിവുഡ് നടി നോറാ ഫത്തേഹിയെ പോലെ സുന്ദരിയാവാൻ ഭര്‍ത്താവ് പട്ടിണിക്കിടുന്നുവെന്ന പരാതിയുമായി ഭാര്യ. ശിവം ഉജ്വല്‍ എന്ന കായികാധ്യാപകനെതിരെയാണ് ഭാര്യ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നോറയെപ്പോലെ ആകാൻ എല്ലാ ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമം ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും യുവതി മുറാദ്‌നഗര്‍ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയില്‍ പറയുന്നു.
ഈ വർഷം മാര്‍ച്ചിലാണ് യുവതിയും ശിവയുമായുള്ള വിവാഹം നടന്നത്. ആവശ്യത്തിന് ഉയരവും വെളുത്ത നിറവും തനിക്കുണ്ടായിട്ടുപോലും സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിരന്തരം അവഹേളിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു. തന്നെ വിവാഹം ചെയ്തതിലൂടെ ജീവിതം നശിച്ചുവെന്നും നോറ ഫത്തേഹിയെ പോലെ സുന്ദരിയായ പെണ്‍കുട്ടിയെ പങ്കാളിയായി ലഭിക്കുമായിരുന്നുവെന്നും ഭർത്താവ് എപ്പോഴും പറഞ്ഞിരുന്നതായി യുവതി പരാതിയിൽ വിശദീകരിച്ചു.
ഭർത്താവ് മറ്റ് സ്ത്രീകളോടും താത്പര്യം കാണിച്ചിരുന്നുവെന്നും അശ്ലീല വീഡിയോകൾ കണ്ടിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. ഗര്‍ഭിണിയായപ്പോൾ രഹസ്യമായി ഗര്‍ഭച്ഛിദ്രം ചെയ്യാൻ ഗുളികകള്‍ നിർബന്ധിച്ച് കഴിപ്പിച്ചു. വിവാഹ സമയത്ത് 16 ലക്ഷം രൂപയുടെ ആഭരണങ്ങളും 24 ലക്ഷത്തിന്‍റ കാറും 10 ലക്ഷം രൂപയും തന്‍റെ വീട്ടുകാര്‍ നല്‍കിയിരുന്നു. ആഡംബരമായി വിവാഹം നടത്തി. എന്നിട്ടും ഭര്‍ത്താവിന്റെ വീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും യുവതിയുടെ പരാതിയിലുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവിനും ഭർതൃ മാതാപിതാക്കള്‍ക്കും ഭർത്താവിന്‍റെ സഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam