
ഭോപ്പാൽ:പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിന്റെ വിമർശകർക്ക് നേരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി എംപി. മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ബിജെപി എംപിയായ ജനാർദ്ദൻ മിശ്രയാണ് വിമർശകരെ അസഭ്യം പറഞ്ഞത്. എഥനോൾ കലർത്തുന്നതിനെതിരെ സംസാരിക്കുന്നവർക്ക് ശുദ്ധമായ പെട്രോൾ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോയെന്നാണ് ബിജെപി എംപി ചോദിച്ചത്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന ഇ 20 നയത്തിനെതിരെ രാജ്യത്ത് ചർച്ചകൾ വ്യാപകമാവുമ്പോഴാണ് ബിജെപി എംപിയുടെ വിവാദ പരാമർശം. ഇ 20 ഇന്ധനം വാഹന എഞ്ചിനുകളുടെ പ്രവർത്തനക്ഷമതയെ അടക്കം എങ്ങനെ ബാധിക്കുമെന്ന ചർച്ചകൾ വ്യാപകമാണ്. ക്രൂഡ് ഓയിൽ ലഭ്യതയ്ക്കായി ഇന്ത്യ ഇന്നും ആശ്രയിക്കുന്നത് വിദേശ രാജ്യങ്ങളേയാണ്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കാനായി 18000 കിലോമീറ്ററുകൾ അധികമായി ഓയിൽ ടാങ്കറുകൾ സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഇ 20 ഇന്ധനത്തിന്റെ കാര്യം പ്രസക്തമാകുന്നത്. അപ്പോഴാണ് ചിലർ പ്രതിഷേധിക്കാനിറങ്ങുന്നത്.
Rewa, Madhya Pradesh: BJP MP Janardan Mishra says, "...India produces 20 per cent of its oil domestically, while 80 per cent has been sourced from abroad. On top of that, there is a conflict going on at present, the Strait of Hormuz is closed, and the Houthis have also blocked… pic.twitter.com/kLOg8BKTiS
— IANS (@ians_india) August 9, 2026
എഥനോൾ ഉപകാരപ്പെടില്ലെന്നും ശുദ്ധമായ പെട്രോൾ തന്നെ വേണമെന്നും വാദിച്ച് സമരം ചെയ്യുന്നവർ രാജ്യത്ത് ശുദ്ധമായ പെട്രോൾ ലഭ്യമല്ലെങ്കിൽ പിന്നെ എവിടെ നിന്ന് കൊണ്ടുവരുമെന്ന് ചിന്തിക്കണമെന്നും ജനാർദ്ദൻ മിശ്ര ചോദിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കുന്ന ബ്രസീലിൽ 100 ശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾ ഉണ്ടെന്നും ഇന്ത്യൻ വാഹനങ്ങൾക്കും എഥനോൾ കലർത്തിയ പെട്രോളിൽ സുഗമമായി ഓടാൻ സാധിക്കുമെന്നും ജനാർദ്ദൻ മിശ്ര അവകാശപ്പെട്ടു. പെട്രോളിൽ എഥനോൾ ചേർക്കുന്നത് വാഹനങ്ങളുടെ എഞ്ചിനുകളെ തകരാറിലാക്കില്ലെന്ന് വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ഈ നയത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അനാവശ്യമാണെന്നും ജനാർദ്ദൻ മിശ്ര കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam