
ചെന്നൈ: കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്തു. യുവാവിനെ വാൾ കൊണ്ടു വെട്ടിയതിനു ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റര് അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തി. പെൺകുട്ടിയെ അവശനിലയിൽ ആണ് കണ്ടെത്തിയത്, വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. പ്രതികൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 7 പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി അറിയിച്ചു. നഗരത്തിലെ കോളേജിൽ എംബിഎ വിദ്യാർത്ഥിനിക്ക് നേരേ ആണ് അതിക്രമം.
അതിജീവിത ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. നിലവിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളെ ചോദ്യം ചെയ്യലും തുടരുകയാണ്. സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ തമിഴ്നാട്ടിൽ പൊതുജന ആശങ്ക വർദ്ധിച്ചുവരുന്ന സമയത്താണ് ഈ സംഭവം. അതേ സമയം, ഈ വിഷയത്തെ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
കോയമ്പത്തൂരിൽ നടന്ന സംഭവം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, സ്ത്രീകൾക്കെതിരായ ഇത്തരം ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ സാമൂഹിക വിരുദ്ധർക്ക് നിയമത്തെയോ പോലീസിനെയോ ഭയമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഡിഎംകെ മന്ത്രിമാർ മുതൽ നിയമപാലകർ വരെ ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രവണത വ്യക്തമാണെന്നും അദ്ദേഹം എക്സിലെ പോസ്റ്റിലൂടെ കുറിച്ചു.