ബിഹാർ: സിബിഐ 'മരണപ്പെട്ടു' എന്ന് ബോധിപ്പിച്ച സുപ്രധാന സാക്ഷി കോടതിസമക്ഷം ജീവനോടെ ഹാജരായി. മാധ്യമ പ്രവർത്തകൻ രാജ്‌ദേവ് രഞ്ജൻ വധിക്കപ്പെട്ട കേസിലെ സാക്ഷി, ബദാമി ദേവിയാണ് ഇന്നലെ കോടതിയിലെത്തിയത്. താൻ മരിച്ചിട്ടില്ല എന്നും, അങ്ങനെ സ്ഥാപിക്കാനുള്ള സിബിഐയുടെ ശ്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നും അവർ മൊഴി നൽകി.
കഴിഞ്ഞ മെയ് 24 -നാണ് സിബിഐ ഇവർ മരിച്ചു എന്ന് കോടതിയെ അറിയിച്ചത്. എന്നാൽ വോട്ടർ ഐഡി കാർഡും പാൻ കാർഡും അടക്കം സാക്ഷി കോടതിയിലെത്തിയതോടെ കേസ് നിർണായകമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
''ഹുസൂർ, ഞാൻ മരിച്ചിട്ടില്ല. സിബിഐ ആണ് ഞാൻ മരിച്ചതായി പറഞ്ഞത്. ഇതെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത ഒരു ഗൂഢാലോചനയുടെ ഭാഗമാണ്'', ബദാമി ദേവി കോടതിയിൽ പറഞ്ഞു. കേസിലെ ഏറ്റവും നിർണായക സാക്ഷിയാണ് ബദാമി ദേവി. ഈ സാക്ഷിയാണ് കഴിഞ്ഞ മെയിൽ മരിച്ചുവെന്ന് കാട്ടി സിബിഐ റിപ്പോർട്ട് നൽകിയത്.
''ഇത് സിബിഐയുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ചയാണ്. ഇങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസി പെരുമാറുന്നതെങ്കിൽ എന്ത് ചെയ്യും?'', ഹർജിക്കാരന്‍റെ അഭിഭാഷകൻ അഡ്വ. ശരദ് സിൻഹ പറഞ്ഞു. ഒരിക്കൽ പോലും ബദാമി ദേവിയുമായി സിബിഐ ബന്ധപ്പെട്ടിട്ടില്ലെന്നും, ഏതെങ്കിലും കാര്യങ്ങൾ അന്വേഷിക്കുകയോ ചോദ്യങ്ങൾ ചോദിക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കുന്നു.
ഗുരുതരമായ കൃത്യവിലോപത്തിന്‍റെ പശ്ചാത്തലത്തിൽ കോടതി സിബിഐയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്‍റെ സിവാൻ ബ്യൂറോ ചീഫായിരുന്ന രാജ്‍ദേവ് രഞ്ജനെ 2017 മെയിലാണ് അക്രമികൾ വെടിവച്ച് കൊന്നത്. മോട്ടോർ ബൈക്കിലെത്തിയ ഒരു സംഘം അക്രമികൾ ഉത്തരബിഹാറിലെ സിവാനിലുള്ള തിരക്കേറിയ ഒരു ജംഗ്ഷനിൽ വച്ചാണ് രാജ്‍ദേവ് രഞ്ജനെ വെടിവച്ച് കൊന്നത്.
കേസിൽ രഞ്ജന്‍റെ ഭാര്യ ആശ രഞ്ജൻ അന്ന് അധികാരത്തിലുണ്ടായിരുന്ന ആർജെഡി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ലാലു പ്രസാദ് യാദവിന്‍റെ മകൻ തേജ് പ്രതാപ് യാദവിനും മറ്റൊരു ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിനും കേസിൽ പങ്കുണ്ടെന്നും, ഇവർക്കെതിരായ വാർത്തകളുടെ പേരിലാണ് രാജ്ദേവ് രഞ്ജൻ കൊല്ലപ്പെട്ടതെന്നും ആശ അന്ന് ആരോപിച്ചിരുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam