പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി, യുവതി ജീവനൊടുക്കി 

Published : Mar 03, 2024, 09:00 PM IST
പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി, യുവതി ജീവനൊടുക്കി 

Synopsis

പരീക്ഷ ആരംഭിക്കുന്നതിന് 8-12 മണിക്കൂർ മുമ്പ് പല ഉദ്യോഗാർഥികൾക്കും ചോദ്യപേപ്പർ ലഭിച്ചിരുന്നെന്നും ആരോപണമുയർന്നു.

ലഖ്നൗ: ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.  ഫിറോസാബാദ് സ്വദേശിയാണ് മരിച്ചത്. പരീക്ഷ റദ്ദാക്കിയത് മുതൽ യുവതി മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. എൻസിസി കേഡറ്റ് കൂടിയായിരുന്ന വർഷ, പൊലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് സഹോദരൻ പ്രശാന്ത് കുമാർ പറഞ്ഞു. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു.

ചോദ്യ പേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് ഫെബ്രുവരി 17, 18 തീയതികളിൽ ഉത്തർപ്ര​ദേശ് പബ്ലിക് സർവീസ് കമ്മീഷൻ സർക്കാർ നടത്തിയ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ പുനഃപരീക്ഷ നടത്തുമെന്നും ഉദ്യോഗാർഥികളെ ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (യുപിഎസ്ആർടിസി) ബസുകളിൽ സൗജന്യമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കും. 

രണ്ട് ഷിഫ്റ്റുകളിലായാണ് റിക്രൂട്ട്‌മെൻ്റ് പരീക്ഷ നടന്നത്. 48 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ അപേക്ഷിക്കുകയും 43 ലക്ഷം പേർ പരീക്ഷ എഴുതുകയും ചെയ്തു. എന്നാൽ, പരീക്ഷക്ക് പിന്നാലെ, സോഷ്യൽ മീഡിയയിൽ പേപ്പർ ചോർന്നെന്ന ആരോപണം ഉയർന്നു. 50,000 മുതൽ 2 ലക്ഷം രൂപ വരെ വിലയിൽ ചോദ്യപേപ്പർ ലഭ്യമായിരുന്നെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.

പരീക്ഷ ആരംഭിക്കുന്നതിന് 8-12 മണിക്കൂർ മുമ്പ് പല ഉദ്യോഗാർഥികൾക്കും ചോദ്യപേപ്പർ ലഭിച്ചിരുന്നെന്നും ആരോപണമുയർന്നു. പരീക്ഷക്ക് മുമ്പേ ചോദ്യപേപ്പർ ചോർന്നത് ചിലർ സോഷ്യൽമീഡിയയിൽ തെളിവ് സഹിതം പോസ്റ്റ് ചെയ്തു. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ യുപി പോലീസ് റിക്രൂട്ട്‌മെൻ്റ് ആൻഡ് പ്രമോഷൻ ബോർഡ് തിങ്കളാഴ്ച ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി