
ദില്ലി: എയർ ഇന്ത്യക്കെതിരെ ഗുരുതര പരാതിയുമായി യുവതി. എയർ ഇന്ത്യ അധികൃതർ ദില്ലി വിമാനത്താവളത്തിൽ മുൻകൂട്ടി ബുക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് പരിക്കേറ്റെന്നാണ് യുവതിയുടെ പരാതി. നടക്കാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതര പരിക്കേറ്റ വയോധിക ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എയർ ഇന്ത്യ വീൽ ചെയർ നൽകിയില്ലെന്നും, മുത്തശ്ശിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് വിമാനത്തിൽ യാത്ര ചെയ്ത് ബെംഗളൂരുവിലെത്തിയ ശേഷം മാത്രമാണെന്നും കൊച്ചുമകൾ പാറുൾ കൻവർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അന്തരിച്ച മുൻ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് 82 വയസുകാരിയായ പ്രസിച്ച രാജ്. ഈമാസം നാലിന് ദില്ലിയിൽ കൊച്ചുമകന്റെ വിവാഹത്തിൽ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇന്നലെയാണ് യുവതി കുറിപ്പ് എക്സിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയ എയർ ഇന്ത്യ അധികൃതർ വിഷയം വളരെ ഗൗരവത്തിൽ പരിശോധിക്കുന്നതായി യുവതിയെ അറിയിച്ചു. ഡിജിസിഎയ്ക്കും യുവതി പരാതി നൽകി. പരിക്കേറ്റ മുത്തശ്ശിയുടെ ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തിയുള്ള യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam