
ബംഗളുരു: ഓട്ടോറിക്ഷ ഡ്രൈവറെ ചെരിപ്പൂരി അടിച്ച യുവതിയും ഭർത്താവും ഓട്ടോ ഡ്രൈവറുടെ കാൽ പിടിച്ച് മാപ്പ് ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ബംഗളുരുവിലെ സെൻട്രോ മാളിന് സമീപത്തുവെച്ച് ഓട്ടോ ഡ്രൈവറായ ലോകേഷിനെ (33) അടിച്ച പാൻഖുരി മിശ്ര എന്ന യുവതിയാണ് പിന്നീട് മാപ്പ് പറഞ്ഞത്. എഞ്ചിനീയറായ യുവതി ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മുന്നിൽ പോവുകയായിരുന്നു ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടതിനെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങൾ.
ഗർഭിണിയായ യുവതി ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബൈക്കും ബ്രേക്കിടേണ്ടിവന്നു. ഇതിന്റെ ആഘാതത്തിൽ താൻ വണ്ടിയിൽ നിന്ന് വീണുപോവുമെന്നും തന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചേക്കുമെന്നും ഭയന്ന് ദേഷ്യം നിയന്ത്രിക്കാനാവാതെ താൻ പ്രതികരിച്ചു എന്നാണ് യുവതി പറയുന്നത്. ഓട്ടോ ഡ്രൈവറെ ചെരിപ്പു കൊണ്ട് അടിച്ചെങ്കിലും ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നാണ് യുവതിയുടെ വാദം.
ഓട്ടോ ഡ്രൈവറുടെ പരാതി പ്രകാരം യുവതിയെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. ഇതിന് ശേഷമായിരുന്നു മാപ്പ് പറച്ചിൽ. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. യുവതിയും ഭർത്താവും സുഹൃത്തുക്കളും മർദനത്തിനിരയായ ഡ്രൈവറും അയാളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മറ്റ് ഓട്ടോ ഡ്രൈവർമാരുമൊക്കെ ഉണ്ടായിരുന്നപ്പോഴായിരുന്നു ഈ മാപ്പ് പറച്ചിൽ. യുവതിയും ഭർത്താവും ഡ്രൈവറുടെയും ബന്ധുക്കളുടെയും കാല് പിടിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ കേസ് തുടരുമെന്നായിരുന്നു പിന്നീടും ഡ്രൈവറുടെ പ്രതികരണം.
പിന്നീട് കർണാടകത്തോട് മുഴുവൻ മാപ്പ് പറയണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടതോടെ വാക്കുകൾ കന്നഡയിലാക്കാൻ ഇരുവരും മറ്റുള്ളവരുടെ സഹായം തേടി. ബംഗളുരുവിനെയും ഇവിടുത്തെ ആളുകളെയും സംസ്കാരത്തെയുമൊക്കെ ബഹുമാനിക്കുമെന്ന് പറഞ്ഞ യുവതി, താൻ ബൈക്കിൽ നിന്ന് വീണ് കുഞ്ഞിന് എന്തെങ്കിലും പറ്റിപ്പോകുമെന്ന പേടി കൊണ്ട് ചെയ്തതാണെന്നും പറഞ്ഞു. മൂന്ന് വർഷമായി ബംഗളുരുവിൽ താമസിക്കുന്നവരാണ് ദമ്പതികൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam