മുതിർന്ന എംഎൽഎക്കെതിരെ മന്ത്രിയുടെ പരാതി, സർക്കാരും പാർട്ടിയും പരിശോധിക്കണം; തെലങ്കാന കോണ്‍ഗ്രസിൽ തുറന്ന പോര്

Published : Jul 08, 2026, 11:05 AM IST
Telangana minister against mla

Synopsis

മുൻപും തൻ്റെ പ്രതിച്ഛായ തകർക്കാൻ എംഎൽഎ ശ്രമിച്ചിട്ടുണ്ടെന്നും അന്നെല്ലാം അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി ഉറച്ചുനിൽക്കുകയായിരുന്നു താനെന്നും സുരേഖ പറഞ്ഞു. എംഎൽഎയുടെ നീക്കങ്ങൾ ഭരണ സംവിധാനത്തിനുള്ളിൽ വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നും തെറ്റായ കീഴ്‌വഴക്കങ്ങൾക്ക് കാരണമാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി

ഹൈദരാബാദ്: തെലങ്കാനയിൽ മന്ത്രിയും എംഎൽഎയും തമ്മിൽ തുറന്ന പോര്. മുതിർന്ന എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് വനിതാ മന്ത്രി കൊണ്ട സുരേഖ. തൻ്റെ അധികാരം മറികടന്ന്, മുൻകൂട്ടി അറിയിക്കാതെ എൻഡോവ്മെന്‍റ് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം കടിയം ശ്രീഹരി എംഎൽഎ വിളിച്ചു ചേത്തെന്നാണ് പരാതി.

വകുപ്പ് ഡയറക്ടറും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ക്ഷേത്ര വികസനം, മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, ഭൂമി സംരക്ഷണം, കയ്യേറ്റം ഒഴിപ്പിക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ഉദ്യോഗസ്ഥർക്ക് സമയപരിധി നിശ്ചയിച്ചു നൽകുകയും ചെയ്തു. വകുപ്പിലെ ഭരണപരമായ തീരുമാനങ്ങളും വികസന പരിപാടികളും തൻ്റെ പരിധിയിൽ വരുന്നതാണെന്നും മന്ത്രിയെന്ന നിലയിൽ തന്നെ പൂർണ്ണമായി അവഗണിച്ച് ഇത്തരം യോഗങ്ങൾ നടത്തുന്നത് അങ്ങേയറ്റം അധിക്ഷേപകരമാണെന്നും സുരേഖ കത്തിൽ വ്യക്തമാക്കി. തൻ്റെ അധികാരം ഇല്ലാതാക്കാനും പൊതുമധ്യത്തിൽ തന്നെ അപമാനിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് കടിയം ശ്രീഹരിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് മന്ത്രി ആരോപിച്ചു.

മുൻപും തൻ്റെ പ്രതിച്ഛായ തകർക്കാൻ എംഎൽഎ ശ്രമിച്ചിട്ടുണ്ടെന്നും അന്നെല്ലാം അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി ഉറച്ചുനിൽക്കുകയായിരുന്നു താനെന്നും സുരേഖ പറഞ്ഞു. എംഎൽഎയുടെ നീക്കങ്ങൾ ഭരണ സംവിധാനത്തിനുള്ളിൽ വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നും തെറ്റായ കീഴ്‌വഴക്കങ്ങൾക്ക് കാരണമാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ കടിയം ശ്രീഹരിയിൽ നിന്ന് ഔദ്യോഗിക വിശദീകരണം തേടണമെന്നും പാർട്ടി - സർക്കാർ തലങ്ങളിൽ ഇത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടിയെടുക്കുന്നതിനായി ഈ വിഷയം പാർട്ടിയുടെ അച്ചടക്ക സമിതിക്ക് വിടണമെന്ന് സുരേഖ കത്തിലൂടെ ആവശ്യപ്പെട്ടു.

വാറങ്കൽ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കളിൽ ഒരാളാണ് കടിയം ശ്രീഹരി. ബിആർഎസ് വിട്ട് അടുത്തിടെയാണ് ഇദ്ദേഹവും മകൾ കാവ്യയും കോൺഗ്രസിൽ ചേർന്നത്. നിലവിൽ ശ്രീഹരി എംഎൽഎയും മകൾ എംപിയുമാണ്.അതേസമയം രണ്ടു പതിറ്റാണ്ടിലേറെയായി വാറങ്കൽ മേഖലയെ പ്രതിനിധീകരിക്കുന്ന സുരേഖ മുൻപ് വൈ എസ് രാജശേഖര റെഡ്ഡി മന്ത്രിസഭയിലും അംഗമായിരുന്നു. മന്ത്രിയും എംഎൽഎയും തമ്മിലുള്ള പോര് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തന്നോട് അടുപ്പമുള്ള, പുതിയതായി പാർട്ടിയിലേക്ക് വന്നവർക്ക് മുഖ്യമന്ത്രി അമിത പ്രാധാന്യം നൽകുന്നു എന്നാരോപിച്ച് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ വിവാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്തരേന്ത്യയിൽ കനത്ത മഴ; ദില്ലിയിൽ ജനജീവിതം സ്തംഭിച്ചു
സമൂസ വാങ്ങാൻ ട്രെയിൻ കടയ്ക്ക് മുന്നിൽ നിർത്തി ലോക്കോ പൈലറ്റ്; വീഡിയോ വൈറലായതോടെ റെയിൽവെയുടെ അന്വേഷണം