ദില്ലി - ജയ്‌പൂർ ദേശീയപാതയിൽ ഗുഡ്ഗാവിന് സമീപം പ്രധാന റോഡ് ഇടിഞ്ഞുതാഴ്ന്നത് വലിയ പ്രതിസന്ധിക്ക് കാരണമായി. ഇതേത്തുടർന്ന് ഹൈവേയിൽ കിലോമീറ്ററുകളോളം നീളത്തിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്.
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. കനത്ത മഴയെ തുടർന്ന് രാജ്യതലസ്ഥാനമായ ദില്ലിയിലും സമീപപ്രദേശങ്ങളിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ദില്ലി - ജയ്‌പൂർ ദേശീയപാതയിൽ ഗുഡ്ഗാവിന് സമീപം പ്രധാന റോഡ് ഇടിഞ്ഞുതാഴ്ന്നത് വലിയ പ്രതിസന്ധിക്ക് കാരണമായി. ഇതേത്തുടർന്ന് ഹൈവേയിൽ കിലോമീറ്ററുകളോളം നീളത്തിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡുകളിലെ വെള്ളക്കെട്ടും ഗതാഗത തടസ്സവും കണക്കിലെടുത്ത് സ്വകാര്യ കമ്പനികളിലെ ജീവനക്കാരോട് താൽക്കാലികമായി വർക്ക് ഫ്രം ഹോമിലേക്കി മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മലയോര സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജൂലൈ 13 വരെ ഈ മേഖലകളിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ ഉള്ളവരും വിനോദസഞ്ചാരികളും പ്രത്യേകം ശ്രദ്ധിക്കണം.
ഇവ കൂടാതെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


