
നാഗ്പൂർ: പൂനയിലേക്കുള്ള സൂപ്പർഫാസ്റ്റ് ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. നാഗ്പൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ പുറപ്പെടുന്നത് കണ്ട് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു ഈ യുവതി. എന്നാൽ കാൽവഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീണു.
2025 ജൂൺ 28-ന് നാഗ്പൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതി തെന്നിവീണത്. തൊട്ടടുത്ത് നിൽക്കുകയായിരുന്നു ആർ.പി.എഫ് ജവാൻ ധീരജ് ദലാൽ യുവതിക്ക് രക്ഷകനായി. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴാൻ തുടങ്ങിയ യുവതിയെ ധീരജ് ദലാൽ സാഹസികമായി വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റി.
ഓടിത്തുടങ്ങിയ ട്രെയിനിലേക്ക്ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കാൽ ട്രെയിനിൻ്റെ വാതിൽപ്പടിയിൽ നിന്ന് തെന്നിമാറുകയായിരുന്നു. ഈ സമയം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആർ.പി.എഫ്. ജവാൻ ധീരജ് ദലാൽ ഇത് കാണുകയും ഉടൻതന്നെ യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. അദ്ദേഹത്തിൻ്റെ സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തിയെ റെയിൽവേ അധികൃതരും യാത്രക്കാരും അഭിനന്ദിച്ചു.