മാസ്‌ക് ധരിക്കാത്തതിന് നടുറോഡില്‍ വച്ച് സ്ത്രീക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ ചര്‍ച്ചയാകുന്നു

By Web TeamFirst Published May 19, 2021, 8:25 PM IST
Highlights

മാസ്‌ക് ധരിക്കാത്തത് നിലവിലെ സാഹചര്യത്തില്‍ തെറ്റ് തന്നെയാണ്, എന്നാല്‍ ആ തെറ്റ് തിരുത്തേണ്ടത് ഇങ്ങനെയല്ല എന്ന രീതിയിലാണ് പൊലീസിനെതിരെ വിമര്‍ശനമുയരുന്നത്. സമാനമായ പൊലീസ് മര്‍ദ്ദനങ്ങള്‍ നേരത്തേയും മദ്ധ്യപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു

ഭോപ്പാല്‍: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് വീട്ടമ്മയ്ക്ക് നടുറോഡില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനം. മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം നടന്നത്. പലചരക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീയെയും മകളെയും പൊലീസ് ആദ്യം തടഞ്ഞുവയ്ക്കുകയായിരുന്നു. 

പിന്നീട് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കവെ കുതറി മാറിയതോടെയാണ് സ്ത്രീയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. മകള്‍ക്ക് മുന്നില്‍ വച്ചാണ് പൊലീസ് സംഘം ഇവരെ മര്‍ദ്ദിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

രണ്ട് പുരുഷ പൊലീസുകാരും ഒരു വനിതാ പൊലീസും ചേര്‍ന്നാണ് സ്ത്രീയെ മര്‍ദ്ദിക്കുന്നത്. ഇവരെ റോഡിലിട്ട് വലിച്ചിഴക്കുന്നതും തടയാന്‍ ചെന്ന മകളെ തള്ളുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. 

മാസ്‌ക് ധരിക്കാത്തത് നിലവിലെ സാഹചര്യത്തില്‍ തെറ്റ് തന്നെയാണ്, എന്നാല്‍ ആ തെറ്റ് തിരുത്തേണ്ടത് ഇങ്ങനെയല്ല എന്ന രീതിയിലാണ് പൊലീസിനെതിരെ വിമര്‍ശനമുയരുന്നത്. സമാനമായ പൊലീസ് മര്‍ദ്ദനങ്ങള്‍ നേരത്തേയും മദ്ധ്യപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

ഏപ്രിലില്‍ മാസ്‌ക് ധരിക്കാത്തതിന് ഒരാളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍ നിന്നായി മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് പൊതുസ്ഥലത്ത് വച്ച് ആളുകളെ മോശമായി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തസത്തില്‍ പുതിയ വീഡിയോ വലിയ ചര്‍ച്ചയാണ് സൃഷ്ടിക്കുന്നത്.

 

सागर में एक महिला की पिटाई का वीडियो वायरल हो रहा है, महिला अपनी बेटी के साथ बाहर निकली थी, मास्क नहीं पहना था बेटी ने भी मुंह पर सिर्फ स्कॉर्फ बांध रखा था। इस बीच पुलिस ने चेकिंग के दौरान गांधी चौक के पास उसे पकड़ लिया pic.twitter.com/rKwichtrpd

— Anurag Dwary (@Anurag_Dwary)

 

Also Read:- മാസ്ക് ധരിച്ചില്ല; മകന്റെ മുന്നിലിട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ചു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ; വീഡിയോ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!