മധ്യപ്രദേശ്: മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യപ്രദേശിലെ ഇൻഡോറിൽ പർദേശിപുര പൊലീസ് സ്റ്റേഷന് കീഴിലുള്ള ഫിറോസ് ​ഗാന്ധി ന​ഗറിലാണ് 35 കാരനായി യുവാവ് മർദ്ദനത്തിനിരയായത്. കൗമാരക്കാരനായ മകന്റെ മുന്നില്ഡ വച്ചാണ് പൊലീസ് ഇയാളെ മർദ്ദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

ഇതിനെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരെയും സസ്പെൻഡ് ചെയ്തതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ യുവാവാണ് ആദ്യം പൊലീസുകാരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങളിലുള്ള രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനായി സിറ്റി പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായും പൊലീസ് സൂപ്രണ്ട് അശുതോഷ് ബാ​ഗ്രി വ്യക്തമാക്കി. 

യുവാവ് പുറത്തിറങ്ങിയ സമയത്ത് മാസ്ക് ധരിച്ചിരുന്നില്ലെന്നും കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് വിശദീകരണം നൽകാൻ വേണ്ടിയാണ് അയാളെ തടഞ്ഞതെന്നും പൊലീസ് പറഞ്ഞു. കോൺസ്റ്റബിൾമാരിൽ ഒരാളെ യുവാവ് കയ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നും പൊലീസ് കൂട്ടിച്ചേർത്തു. യുവാവിന്റെ പേരിൽ മറ്റ് കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പിതാവിന്റെ മാസ്ക് താടിയുടെ താഴെയായിരുന്നുവെന്നും തന്റെ വാക്കുകൾ കേൾക്കാൻ പൊലീസ് തയ്യാറായില്ലെന്നുമാണ് യുവാവിന്റെ മകന്റെ പ്രതികരണം.