
ലക്നൗ: ഉത്തർ പ്രദേശിൽ സർക്കാർ ജോലി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ സ്വാഭാവ പരിശോധന നടപടിക്രമങ്ങൾ കർശനമാക്കി യോഗി ആദിത്യനാഥ് സർക്കാർ. രാജ്യത്ത് അക്രമ സ്വഭാവമുള്ള പ്രക്ഷോഭങ്ങളിലൂടെയോ നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർക്ക് സർക്കാർ ജോലി നിഷേധിക്കുമെന്ന് നിയമനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ദേവരാജ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ഉയർന്ന ഭരണമാറ്റ ആഹ്വാനങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷമായ സമാജ്‍വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തി.
അതേസമയം ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രം വെച്ചുപുലർത്തുന്നു എന്നത് മാത്രം ഒരു ഉദ്യോഗാർത്ഥിക്ക് ജോലി നിഷേധിക്കാനുള്ള കാരണമാകില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ, ഒരു ഉദ്യോഗാർത്ഥിക്കെതിരെ കേവലം ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെടുകയോ അല്ലെങ്കിൽ ഏതെങ്കിലും കേസിൽ അന്വേഷണം നിലനിൽക്കുകയോ ചെയ്യുന്നത് കൊണ്ട് മാത്രം അയാൾക്ക് സ്വയമേവ ജോലി നിഷേധിക്കപ്പെടില്ലെന്നും ഉത്തരവിലുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ, കോർപറേഷനുകൾ, കൗൺസിലുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഡയറക്ട് റിക്രൂട്ട്മെൻ്റിനാണ് പുതിയ ഉത്തരവ് ബാധകമാകുക. അലഹബാദ് കോടതിയുടെ നിർദേശപ്രകാരമാണ് സർക്കാരിൻ്റെ നടപടി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നതെന്ന് സമാജ്‍വാദി പാർട്ടി വക്താവ് ഉദയവീർ വിമർശിച്ചു. യോഗി ആദിത്യനാഥ് സർക്കാർ ഒരു ജഡ്ജിയെപ്പോലെയാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് നേതാവ് റാഷിദ് അൽവി പ്രതികരിച്ചു. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണോ? ഇവിടെ കോടതികളൊന്നുമില്ലേ? ഇത് കാണിക്കുന്നത് സർക്കാർ ജെൻ സി പ്രതിഷേധങ്ങളെ ഭയപ്പെടുന്നുവെന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam