തെരഞ്ഞെടുപ്പ് നടത്തി വിദ്യാർത്ഥി യൂണിയൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ സമരം തുടരുമ്പോൾ സർവകലാശാല അടച്ച അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഡൽഹി: തെരഞ്ഞെടുപ്പ് നടത്തി വിദ്യാർത്ഥി യൂണിയൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ സമരം തുടരുമ്പോൾ സർവകലാശാല അടച്ച അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 78 ദിവസത്തേക്ക് സർവകലാശാല അടച്ച നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാ​ഗമാണെന്ന് കോൺ​ഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഭരണഘടന നൽകുന്ന അവകാശത്തിന് വേണ്ടിയാണ് വിദ്യാർത്ഥികളുടെ സമരമെന്നും, വിയോജിപ്പുകളെ ബിജെപിക്ക് ഭയമാണെന്നും ഖേര വിമർശിച്ചു.

വിവിധ വിദ്യാർത്ഥി സംഘടനകളും നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിച്ചു. സർവകലാശാലയ്ക്ക് അകത്ത് നിരാഹാര സമരം തുടരുന്ന വിദ്യാർത്ഥികൾ ഇന്നും അധികൃതരുമായി ചർച്ച നടത്തുന്നും. ജാമിയ മിലിയ സർവകലാശാലയുടെ നൂറ്റിയാറാം സ്ഥാപക ദിനമാണിന്ന്. വിദ്യാത്ഥി പ്രതിഷേധം കാരണം ഔദ്യോഗിക ആഘോഷപരിപാടികൾ നേരത്തെ അധികൃതർ ഒഴിവാക്കിയിരുന്നു. സർവകലാശാലയില്‍ കനത്ത സുരക്ഷാ വിന്യാസം തുടരുകയാണ്.