യോഗി വീട്ടിലെത്തി മുലായം സിംഗ് യാദവിനെ കണ്ടു; അഭ്യൂഹങ്ങള്‍ക്കിടനല്‍കി കൂടിക്കാഴ്ച

By Web TeamFirst Published Jun 10, 2019, 10:48 PM IST
Highlights

മുന്‍മുഖ്യമന്ത്രിയും മുലായം സിംഗ് യാദവിന്‍റെ മകനുമായ അഖിലേഷ് യാദവും സന്ദര്‍ശന വേളയില്‍ വീട്ടിലുണ്ടായിരുന്നു. അഖിലേഷ് യാദവുമായി പിണങ്ങിയ അമ്മാവന്‍ ശിവ്പാല്‍ യാദവും യോഗി എത്തിയതറിഞ്ഞ് വീട്ടിലെത്തി. 

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍നില്‍ക്കെ, ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട മുലായം സിംഗ് യാദവിനെ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുലായത്തിന്‍റെ വീട്ടിലായിരുന്നു സന്ദര്‍ശനം. മുന്‍മുഖ്യമന്ത്രിയും മുലായം സിംഗ് യാദവിന്‍റെ മകനുമായ അഖിലേഷ് യാദവും സന്ദര്‍ശന വേളയില്‍ വീട്ടിലുണ്ടായിരുന്നു. അഖിലേഷ് യാദവുമായി പിണങ്ങിയ അമ്മാവന്‍ ശിവ്പാല്‍ യാദവും യോഗി എത്തിയതറിഞ്ഞ് വീട്ടിലെത്തി. മുലായത്തിന്‍റെ കുടുംബാംഗങ്ങളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്താണ് യോഗി മടങ്ങിയത്. സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഉത്തര്‍പ്രദേശില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ ആരംഭിച്ചു. 

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുലായം സിംഗ് യാദവ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. കുംഭമേളയെക്കുറിച്ചുള്ള പുസ്തകവും യോഗി സമ്മാനിച്ചു. സന്ദര്‍ശനം നടത്തുന്ന മൂന്ന് ഫോട്ടോകള്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന കുറിപ്പോടെ യോഗി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീട്ടിലെത്തി നേതാവിന്‍റെ (മുലായം സിംഗ് യാദവ്) ആരോഗ്യനില അന്വേഷിച്ചെന്നും സന്ദര്‍ശനം ഹൃദ്യമായിരുന്നിവെന്നും അഖിലേഷ് യാദവും ട്വീറ്റ് ചെയ്തു. 

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉത്തര്‍പ്രദേശില്‍ ഏറെക്കാലത്തെ അകല്‍ച്ചക്ക് ശേഷം എസ്പിയും ബിഎസ്പിയും മഹാസഖ്യം രൂപീകരിച്ച് ബിജെപിയെ നേരിട്ടത്. എന്നാല്‍, സഖ്യത്തിന് 15 സീറ്റ് മാത്രമാണ് നേടാനായത്. എസ്പിക്ക് യാദവ വോട്ടുകള്‍ സമാഹരിക്കാനായില്ലെന്നും സഖ്യം പരാജയമായെന്നും തുറന്നടിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് മുലായം സിംഗ് യാദവിനെയും അഖിലേഷിനെയും സന്ദര്‍ശിക്കുന്നത്. 

click me!