
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ 'ശുദ്ധീകരണ ക്രിയകൾ' നടത്തിയ സംഭവത്തിൽ ഉത്തരാഖണ്ഡ് ബിജെപി പ്രവർത്തകർക്കെതിരെ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു വിധാനസൗധ പൊലീസാണ് സംഭവത്തിൽ 'സീറോ എഫ്‌ഐആർ' രജിസ്റ്റർ ചെയ്തത്. ആദിവാസി കോൺഗ്രസ് മുൻ ദേശീയ ഉപാധ്യക്ഷൻ ടി ആർ രാമപ്പ ഓഗസ്റ്റ് 31-ന് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
കൃത്യമായ നിയമോപദേശം തേടിയ ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു സിറ്റി പൊലീസ് തീരുമാനിച്ചത്. ദളിത് വിഭാഗത്തിൽപ്പെട്ട ഖർഗെ പങ്കെടുത്തതുകൊണ്ട് വേദി അശുദ്ധമായി എന്ന തരത്തിലുള്ള പ്രചാരണവും ശുദ്ധീകരണ ചടങ്ങുകളും അദ്ദേഹത്തിന് നേരെ നടന്ന ജാതീയ അപമാനമാണെന്ന് എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.
ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര ഭട്ടിനെതിരെയും കേസിൽ പരാമർശമുണ്ട്. ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ നടപടിയെ മഹേന്ദ്ര ഭട്ട് മാധ്യമങ്ങളിലൂടെ പരസ്യമായി ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പൗരാവകാശ സംരക്ഷണ നിയമം, പട്ടികജാതി/പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196(1)(ബി) എന്നിവ പ്രകാരമാണ് കേസ്.
സംഭവം നടന്നത് ഉത്തരാഖണ്ഡിലാണെങ്കിലും, കുറ്റകൃത്യത്തിന്‍റെ ഗുരുതരാവസ്ഥ കണക്കിലെടുത്തും അധികാരപരിധി കേസ് രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമാകാതിരിക്കാനുമാണ് ബെംഗളൂരു പൊലീസ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർനടപടികൾക്കായി ഈ കേസ് ഉത്തരാഖണ്ഡിലെ ഹൽദ്വാനി പൊലീസിന് കൈമാറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam