ദില്ലി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച് ജനതാ പാർട്ടിയും രംഗത്ത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത പെരുമഴയെ തുടർന്നാണ് വിമാനത്താവളത്തിൽ വെള്ളം കയറിയത്.
ദില്ലി: ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച് ജനതാ പാർട്ടിയും. വിമാനത്താവളത്തിൽ തന്നെ സർക്കാർ ബീച്ചിന്റെ അനുഭവം നൽകുകയാണെന്നാണ് കോൺഗ്രസിന്റെ പരിഹാസം. ഇതാണ് 7.8 ശതമാനം വളർച്ചയെന്ന് വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് അഭിജിത് ദീപ്കെയും പരിഹസിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത പെരുമഴയെ തുടർന്നാണ് ദില്ലി വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂക്ഷമായത്. വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിൽ രണ്ടിടത്തും വെള്ളം കയറിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വെള്ളക്കെട്ടിനെ തുടർന്ന് ദില്ലിയിൽ ഇറങ്ങേണ്ടിയിരുന്ന ഒരു രാജ്യാന്തര വിമാനമടക്കം 11 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അഞ്ച് വിമാനങ്ങൾ ജയ്പുർ വിമാനത്താവളത്തിലേക്കും നാല് വിമാനങ്ങൾ ലക്നൗവിലേക്കും ഓരോ വിമാനങ്ങൾ അഹമ്മദാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. വെള്ളം കയറിയ ടെർമിനലിലൂടെ ബാഗുകളുമായി നടന്നുനീങ്ങുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആദ്യമായാണ് ഇത്രയും വെള്ളക്കെട്ട് കാണുന്നതെന്നും അറൈവൽ ഗേറ്റുകളിലേക്ക് പോകാൻ വേണ്ടി വെള്ളപ്പൊക്കം കുറയുന്നതും കാത്ത് നിൽക്കുകയാണെന്നും യാത്രക്കാരി വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
വെള്ളക്കെട്ടിനെ തുടർന്ന് ദില്ലിയിലേക്ക് വരേണ്ടതും പുറപ്പെടേണ്ടതുമായ നൂറുകണക്കിന് വിമാനങ്ങൾ 90 മിനിറ്റോളം വരെ വൈകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ദില്ലിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായ തോതിലുള്ള മഴയ്ക്കും ചിലയിടങ്ങളിൽ 50-100 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമുണ്ട്. ഇതോടൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ പരമാവധി 60 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കാവുന്ന ശക്തമായ കാറ്റും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. മഴ മൂലം താഴ്ന്ന പ്രദേശങ്ങളിലും അടിപ്പാതകളിലും വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചുകൊണ്ട് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.


