
ഓർലാൻഡോ: യൂണിവേഴ്സൽ സ്റ്റുഡിയോയുടെ റോളർ കോസ്റ്റർ റൈഡിൽ കയറിയ 70കാരിക്ക് ദാരുണാന്ത്യം. ദി മമ്മി സിനിമയിലെ ഭീതി രംഗങ്ങൾ നേരിട്ട് അനുഭവിക്കാൻ തക്ക രീതിയിൽ സജ്ജമാക്കിയ റോളർ കോസ്റ്റർ റൈഡാണ് 70കാരിയുടെ ജീവനെടുത്തത്. അമേരിക്കയിലെ ഓർലാൻഡോയിലാണ് സംഭവം. റൈഡ് പൂർത്തിയായ ശേഷവും 70കാരി സീറ്റിൽ നിന്ന് എഴുന്നേൽക്കാതെ വന്നതിന് പിന്നാലെ ജീവനക്കാർ വന്ന് പരിശോധിക്കുമ്പോഴാണ് വയോധികയെ പ്രതികരണമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് മാസത്തിൽ സ്റ്റുഡിയോയിൽ ഉണ്ടായ അപകടങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് മരണം പുറത്ത് വന്നത്. യൂണിവേഴ്സൽ സ്റ്റുഡിയോ വിഷയത്തിൽ ഇനിയും പ്രതികരിച്ചിട്ടില്ല.
സാധാരണ റോളർ കോസ്റ്റർ റൈഡുകളുടേതിന് സമാനമായ രീതിയിൽ പരസ്പര ബന്ധിച്ച കാർട്ടുകളിൽ സീറ്റുമായി ബന്ധിപ്പിച്ച ആളുകളെ ഇരുത്തിയ ശേഷം ഈ കാർട്ടുകൾ ഇളക്കിയും അനക്കുകയും ചെയ്യുന്നതിനൊപ്പം ഭീതിപ്പെടുത്തുന്ന ശബ്ദങ്ങളും വസ്തുക്കളും കാണിക്കുന്നതടക്കമുള്ള ഉൾപ്പെടുന്നതാണ് റിവഞ്ച് ഓഫ് മമ്മി റോളർ കോസ്റ്റർ. ഈ റൈഡിനേക്കുറിച്ചുള്ള മുന്നറിയിപ്പിൽ ഉയർന്ന വേഗത്തിൽ പോവുന്നതും നാടകീയമായ സംഭവങ്ങളും പേടിപ്പിക്കുന്ന കയറ്റിറക്കങ്ങളും ഉൾപ്പെട്ടവയാണ് എന്നാണ് വിശദമാക്കുന്നത്. ചില സമയത്ത് മണിക്കൂറിൽ 45മീറ്റർ വേഗതയിൽ വരെ കാർട്ടുകൾ ചലിക്കാറുണ്ടെന്നും മുന്നറിയിപ്പ് വിശദമാക്കുന്നുണ്ട്.
4 അടി ഉയരത്തിൽ കുറവുള്ളവർക്ക് ഈ റൈഡിൽ കയറാൻ അനുമതിയില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ഈ റൈഡിൽ കയറാനും അനുവാദമില്ല. ഹൃദയ സംബന്ധമായ തകരാറുകളും മോഷൻ സിക്ക്നെസ് ഉളളവർക്കും രക്ത സമ്മർദ്ദം അനുഭവപ്പെടുന്നവർക്കും റൈഡ് ഉപയോഗിക്കാൻ അനുവാദമില്ല. കഴിഞ്ഞ വർഷത്തിൽ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ നടക്കുന്ന രണ്ടാമത്തെ മരണമാണ് ഇത്. സെപ്തംബർ മാസത്തിൽ 32 കാരനായ യുവാവ് സ്റ്റാർ ഡസ്റ്റ് റോളർ കോസ്റ്റർ റൈഡിനിടെ മരണപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam