
സോൾ: ഉത്തര കൊറിയയെ ആണവവിമുക്തമാക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾ കാലഹരണപ്പെട്ട വെറും വ്യാമോഹം മാത്രമാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ സഹോദരിയും ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥയുമായ കിം യോ ജോങ്. യുഎസ് നേതൃത്വത്തിൽ രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കാൻ തങ്ങളുടെ ആണവായുധ ശേഖരം ഇനിയും വ്യാപിപ്പിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഔദ്യോഗിക ചർച്ചകൾക്കായി ഉത്തര കൊറിയ സന്ദർശിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിൽ കിമ്മിന്റെ സഹോദരി രംഗത്തെത്തിയിരിക്കുന്നത്.
ഒരു ആണവായുധ രാഷ്ട്രമെന്ന നിലയിലുള്ള ഉത്തര കൊറിയയുടെ പദവിയെ തരംതാഴ്ത്താൻ അമേരിക്ക നടത്തുന്ന അവകാശവാദങ്ങൾക്ക് യാതൊരു നിയമസാധുതയുമില്ലെന്നും ആരും യുഎസിന്‍റെ ഏകപക്ഷീയമായ ഇത്തരം വാദങ്ങൾക്ക് വഴങ്ങില്ലെന്നും കിം യോ ജോങ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ബീജിംഗിൽ നടന്ന ഉച്ചകോടിയിൽ ഡോണൾഡ് ട്രംപും ഷി ജിൻപിംഗും ഉത്തര കൊറിയയെ ആണവവിമുക്തമാക്കുക എന്ന പൊതുലക്ഷ്യം സ്ഥിരീകരിച്ചതായി അമേരിക്ക പുറത്തുവിട്ട വാർത്തകൾ വ്യാജമാണെന്ന് അവർ തള്ളിപ്പറഞ്ഞു.
യാഥാർത്ഥ്യങ്ങളിൽ നിന്നും മാറിനടക്കുന്ന അമേരിക്കൻ ഉദ്യോഗസ്ഥർ ഇപ്പോഴും തങ്ങളുടെ ഉട്ടോപ്യൻ സ്വപ്നങ്ങളിൽ നിന്നും ഉണർന്നിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആയുധങ്ങൾ വർദ്ധിപ്പിക്കാൻ അമേരിക്കയും ദക്ഷിണ കൊറിയയും നിരന്തരം ശ്രമിക്കുമ്പോൾ, ആത്മരക്ഷാർത്ഥം ആണവായുധ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക എന്നത് തങ്ങളുടെ മാറ്റമില്ലാത്ത അവസാന തീരുമാനമാണെന്നും അവർ ഓർമ്മിപ്പിച്ചു. കഴിഞ്ഞ ആഴ്ച പുതിയ ആണവ സാമഗ്രികളുടെ ഉൽപ്പാദന കേന്ദ്രം സന്ദർശിച്ച കിം ജോങ് ഉൻ, രാജ്യത്തിന്റെ ആണവശക്തി വൻതോതിൽ വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ മിസൈൽ ഉൽപ്പാദന ശേഷി അഞ്ചു വർഷത്തെ പദ്ധതിക്കുള്ളിൽ ഇരട്ടിയിലധികം വർദ്ധിപ്പിക്കാൻ അദ്ദേഹം ആയുധ നിർമ്മാണശാലയ്ക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.
സമീപകാലത്തായി ഉത്തര കൊറിയ തങ്ങളുടെ വിദേശനയങ്ങളിൽ റഷ്യക്ക് മുൻഗണന നൽകുന്ന സാഹചര്യത്തിൽ, പ്യോങ്യാങ്ങിന്മേലുള്ള ചൈനയുടെ സ്വാധീനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ഇപ്പോഴത്തെ സന്ദർശനത്തെ വിദഗ്ദ്ധർ വീക്ഷിക്കുന്നത്. യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയ സൈന്യത്തെയും ആയുധങ്ങളെയും അയച്ചിരുന്നതായും അതിന് പകരമായി റഷ്യയിൽ നിന്ന് വലിയ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ഉത്തര കൊറിയ കൈപ്പറ്റിയിട്ടുണ്ടെന്നുമാണ് അമേരിക്കൻ ഇന്‍റലിജൻസ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഷി ജിൻപിങ് ആണവ നിരോധന വിഷയം നേരിട്ട് ഉന്നയിക്കാതെ സാമ്പത്തിക സഹായ പദ്ധതികളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് വിലയിരുത്തലുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam