ഇറാനെതിരെ പുതിയ സൈനിക നടപടി ആലോചിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഓപ്പറേഷൻ എപിക് ഫ്യൂറിയേക്കാൾ വലിയ സൈനിക നടപടിയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ മാധ്യമത്തോടാണ് ട്രംപിൻ്റെ പ്രതികരണം.

വാഷിങ്ടൺ: ഇറാനെതിരെ പുതിയ സൈനിക നടപടി ആലോചിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഓപ്പറേഷൻ എപിക് ഫ്യൂറിയേക്കാൾ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ മാധ്യമമായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രതികരണം. ഇറാൻ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു കരാറിലെത്താൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.

"ഞാൻ ഒരു വലിയ ആക്രമണത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇതുവരെ ഉണ്ടായതിനേക്കാൾ വലുത്. ഞാൻ ഒരു തീരുമാനമെടുക്കാൻ അടുത്തിരിക്കുകയാണ്. ഞങ്ങൾ ഇതിനായി എല്ലാം സജ്ജമാക്കിയിട്ടുണ്ട്"- ട്രംപ് പറഞ്ഞു. ഇറാന് ഇതുവരെ ആവശ്യത്തിന് വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ സേന ഇറാനിൽ ഇറങ്ങിയുള്ള ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ആശങ്ക ട്രെഹ്രാനിൽ നിലനിൽക്കുന്നതിനിടെയാണ് ട്രംപിൻ്റെ പ്രതികരണം. ഇറാനിൽ കാലുകുത്തിയാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം അമേരിക്ക ആവശ്യപ്പെട്ടാൽ ഏത് പുതിയ സൈനിക നീക്കത്തിലും ഇസ്രായേൽ വേഗത്തിൽ പങ്കാളിയാകുമെന്നും ട്രംപ് അവകാശപ്പെട്ടു. താൻ ആവശ്യപ്പെട്ടാൽ രണ്ട് മിനിറ്റിനുള്ളിൽ ഇസ്രായേൽ പങ്കുചേരും. എന്നാൽ ഒരു സൈനിക നടപടി ആരംഭിക്കാൻ അമേരിക്കയ്ക്ക് ഇസ്രായേലിന്റെ പിന്തുണ ആവശ്യമില്ലെന്ന് പറഞ്ഞ ട്രംപ് ഇസ്രായേലിന്റെ പങ്കാളിത്തം ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും സമ്മതിച്ചു.

ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നതിനിടെയാണ് ട്രംപിൻ്റെ ഏറ്റവും പുതിയ പ്രതികരണം. പശ്ചിമേഷ്യയിൽ സാഹചര്യം വഷളായതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നു. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആക്രമണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. അതേസമയം പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇറാൻ, മേഖലയിൽ തങ്ങളുടെ സൈനിക നീക്കങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. 'കണ്ണിന് പകരം കണ്ണ്' എന്ന നയമാണ് തങ്ങളുടേതെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് 'കണ്ണിന് പകരം തല' എന്നതാണ് ഇനി നയമെന്ന് അമേരിക്ക മറുപടി പശ്ചിമേഷ്യൻ സാഹചര്യം കൂടുതൽ വഷളായേക്കാമെന്ന സൂചനയാണ്.

അതിനിടെ, യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ചെങ്കടലിൽ സൗദി കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി. ഹൂതി ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഇറാന്റെ മേൽ ചുമത്തുമെന്ന് ട്രംപ് പ്രതികരിച്ചു. ഹൂതികൾ ഇറാന്റെ നിഴൽ സൈന്യമാണെന്നും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ഇറാനും ഹൂതികൾക്കുമെതിരെ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്നുമാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.