
വാഷിംഗ്ടണ്‍: യുഎസിൽ വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവതി പിടിയിലായി. തന്‍റെ ഇന്ത്യയിലുള്ള സഹോദരന് നൽകാനാണ് വസ്ത്രങ്ങൾ എടുത്തതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പുരുഷന്മാരുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് യുവതി മോഷ്ടിക്കാൻ ശ്രമിച്ചത്. 'മേഡ് ഇൻ യുഎസ്എ' ഉൽപ്പന്നങ്ങളോട് തന്‍റെ സഹോദരന് വലിയ ഇഷ്ടമുണ്ടെന്നും, എന്നാൽ അവ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് താൻ സാധനങ്ങൾ എടുത്തതെന്നും യുവതി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, വസ്ത്രങ്ങൾ പണമടയ്ക്കാതെ എടുത്തു എന്ന് ആരോപിക്കപ്പെട്ട യുവതി പൊലീസുകാരുമായി സംസാരിക്കുന്നതും, കരയുന്നതും മാപ്പ് അപേക്ഷിക്കുന്നതും കാണാം. സാധനങ്ങൾക്ക് പണം നൽകാൻ താൻ മറന്നുപോയി എന്നാണ് യുവതി അവകാശപ്പെട്ടത്. കൈവിലങ്ങ് അണിയിക്കരുതെന്നും, തനിക്ക് ഒരു അവസരം നൽകണം എന്നും യുവതി പൊലീസിനോട് അപേക്ഷിക്കുന്നുണ്ട്.
യുവതി മടി കാണിച്ചിട്ടും, പിന്നീട് കൈവിലങ്ങ് അണിയിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. റിപ്പോർട്ടുകൾ പ്രകാരം, യുവതിക്കെതിരെ മോഷണക്കേസ് ചുമത്താൻ സാധ്യതയുണ്ട്. യുവതിയുടെ വ്യക്തിഗത വിവരങ്ങളോ, സ്റ്റോറിന്‍റെ കൃത്യമായ സ്ഥലമോ, മോഷ്ടിച്ച സാധനങ്ങളുടെ മൂല്യമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അധികൃതർ നിലവിൽ കേസ് അന്വേഷിക്കുകയാണ്.
സോഷ്യൽ മീഡിയയിലെ വിമർശനം
സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ അപലപിക്കലും വിമർശനങ്ങളുമുണ്ടായി. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ ഇന്ത്യൻ സമൂഹത്തിന്‍റെ പ്രതിച്ഛായ തകർക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. "എന്തിനാണ് ഇവർ യുഎസിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും മോഷ്ടിക്കുന്നത്? 5 സ്റ്റാർ ഹോട്ടലുകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും ജ്വല്ലറികളിൽ നിന്നുമെല്ലാം ഇവർ മോഷ്ടിക്കുന്നു. വിദേശ വിദ്യാഭ്യാസം നേടാനും വിദേശയാത്രകൾക്കും കഴിവുള്ള ഉന്നതവിദ്യാഭ്യാസം നേടിയ ഒരു ശതമാനം ഇന്ത്യക്കാരാണ് ഇവരെന്നോർക്കണം" ഒരു ഉപയോക്താവ് കുറിച്ചു.
"വിദേശത്ത് മോഷണത്തിന് പിടിയിലാകുന്ന ഇന്ത്യക്കാരുടെ കേസുകൾ ഓൺലൈനിൽ വലിയ രോഷത്തിന് കാരണമാകുന്നു, കൂടാതെ യുഎസ് അധികൃതരിൽ നിന്ന് മുന്നറിയിപ്പുകൾക്കും ഇത് വഴിവെച്ചു. ഇത്തരം പ്രവൃത്തികൾ പ്രവാസി സമൂഹത്തിന്‍റെ മൊത്തത്തിലുള്ള പ്രശസ്തിക്ക് ദോഷകരമാണ്. നിയമം നിയമമാണ്, കുറ്റകൃത്യത്തിന് നിയമപരമായ പ്രത്യാഘാതങ്ങൾ യഥാർത്ഥമാണ്" - മറ്റൊരാൾ കമന്‍റ് ചെയ്തു.
മുൻ സംഭവങ്ങൾ
മോഷണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ മേയിൽ ഇല്ലിനോയിസിലെ ഒരു ടാർഗറ്റ് സ്റ്റോറിൽ നിന്ന് 1.1 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചതിന് മറ്റൊരു ഇന്ത്യൻ യുവതിക്കെതിരെയും അന്വേഷണം നടന്നിരുന്നു. ഏഴ് മണിക്കൂറിലധികം സ്റ്റോറിൽ ചെലവഴിച്ച ശേഷം പണം നൽകാതെ സാധനങ്ങളുമായി കടക്കാൻ ശ്രമിക്കവേയാണ് ഇവർ പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam