
നേപ്പാൾ ജെൻ സി കലാപം: ആഭ്യന്തര മന്ത്രി രാജിവെച്ചു, മരണം 19 ആയി
രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെയുണ്ടായ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാളിൽ ആഭ്യന്തര മന്ത്രി രാജിവെച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജിവച്ചത്. സംഘർഷത്തിൽ മരണം 19 ആയി ഉയർന്നു. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്. സർക്കാർ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി യുവാക്കളുടെ പ്രക്ഷോഭം.സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിലാണ് 19 പേർ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾനടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്.
ബീഹാറിലെ തീവ്രവോട്ടർ പരിഷ്ക്കരണത്തിൽ (എസ് ഐ ആർ) ആധാർ കാർഡിനെ തിരിച്ചറിയൽ രേഖയായി പരിഗണിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. എന്നാൽ ആധാറിനെ പൗരത്വരേഖയായി കണക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലടക്കം എസ് ഐ ആർ നടപ്പാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ക്ഷണമില്ലാത്തതിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് അതൃപ്തി. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം സംഘടിപ്പിക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റ് പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് മന്ത്രിക്ക് അതൃപ്തി. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി. വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് കൃഷ്ണകുട്ടിയുടെ ഓഫീസും വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് കിഫ് ഇന്‍ഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുന്നത്.
വിവാദ ബിഹാർ ബീഡി പോസ്റ്റ് വിഷയത്തിൽ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റിന്‍റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ തുടരുന്നുണ്ട്. അദ്ദേഹം രാജിവെക്കുകയോ പാർട്ടി നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സാമൂഹ്യമാധ്യമ വിഭാഗം പുനസംഘടന പാർട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ ആണെന്നും ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദനങ്ങളിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ് എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ ഫേസ്ബുക്കിലൂടെ കുറിപ്പുമായി ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു രംഗത്തെത്തിയത്. റിട്ടയർമെന്റ്നുശേഷം ഏമാന് ഇവന്‍റ് മാനേജ്മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും മധുബാബു പരിഹസിച്ചു. അണിയറയിൽ കൂടുതൽ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു ആരോപിച്ചു.
ശക്തന്‍റെ തട്ടകത്തെ ആവേശക്കടലിലാക്കി പുലിക്കളി. താളമേള അകമ്പടിയോടെ അരമണി കിലുക്കി ചുവടുവെച്ച് പുലികള്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് കയറിയതോടെ ആവേശം വാനോളമായി. ഇത്തവണ ഒമ്പത് സംഘങ്ങളിലും ആവേശമാകാൻ കുട്ടിപ്പുലികളമുണ്ടായിരുന്നു. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിപേരാണ് പുലിക്കളി കാണാനെത്തിയത്. തൃശൂര്‍ നഗരവീഥിയാകെ പുലിത്താളത്തിന്‍റെ ആവേശം വിതറിയാണ് ഒരോ സംഘങ്ങളും സ്വരാജ് റൗണ്ടിലൂടെ ചുവടുവെച്ച് മുന്നോട്ടുപോയത്. നാലരയോടെ ആണ് പുലിക്കളിക്ക് തുടക്കമായത്. ഒമ്പത് സംഘങ്ങളാണ് ഇക്കുറി പുലിക്കളിക്കുള്ളത്. 459 പുലികളാണ് തൃശ്ശൂര്‍ നഗരത്തിലിറങ്ങിയത്. പുലിക്കളി ആസ്വദിക്കാൻ ആയിരങ്ങളാണ് തൃശൂര്‍ റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമടക്കം എത്തിയത്.
കോഴിക്കോട് മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്നും പണം തട്ടിയ കേസിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേര്‍ പിടിയിൽ. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അൻസിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. യുവാവിനെ മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് 1.35ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ യുവാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളായ മൂന്നുപേരെ പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
കസ്റ്റഡി മര്‍ദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം, സസ്പെന്‍ഷനിൽ ഒതുക്കാമെന്ന് കരുതേണ്ട; സതീശൻ
കസ്റ്റഡി മര്‍ദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കരുതരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസിൽ നിന്ന് പുറത്താക്കുന്നതുവരെ കോണ്‍ഗ്രസും യുഡിഎഫും സമരം തുടരുമെന്നും വിഡി സതീശൻ വ്യക്തമാക്കി. കേരള പൊലീസിലെ ഒരു കൂട്ടം ക്രിമിനലുകള്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം തുടര്‍ച്ചയായി പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.
ജറുസലേമിൽ ഓടിക്കൊണ്ടിരിക്കെ ബസിൽ വെടിവെപ്പ്, അഞ്ച് പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്
വടക്കൻ ജറുസലേമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 12 ലധികം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് പേരാണ് വെടിയുതിർത്തത്. ഇവർ പലസ്തീൻ വംശജരാണെന്ന് ഇസ്രയേൽ പോലീസ് അറിയിച്ചു. ബസിനുള്ളിലുണ്ടായിരുന്ന ആക്രമികൾ പുറത്തേക്കും ബസിനുള്ളിലും വെടിവെപ്പ് നടത്തിയെന്നാണ് വിവരം. അക്രമികളായ രണ്ട് പേരെയും പോലീസ് ഉദ്യോഗസ്ഥരും സിവിലിയന്മാരും ചേർന്ന് ഉടൻ തന്നെ വെടിവെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ 50 വയസ്സുള്ള ഒരു പുരുഷനും സ്ത്രീയും 30 വയസ്സുള്ള മൂന്ന് പുരുഷന്മാരുമാണുള്ളതെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു.