കോഴിക്കോട് മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് 1.35 ലക്ഷം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്നു പേര്‍ പിടിയിലായി. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അൻസിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്
കോഴിക്കോട്: കോഴിക്കോട് ഹണിട്രാപ്പില്‍ കുടുക്കി യുവാവില്‍ നിന്നും ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ ദമ്പതിമാരുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ, തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിന, അൻസിനയുടെ ഭര്‍ത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ മടവൂരിലെ വീട്ടിലെത്തിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
പാണഞ്ചേരി സ്വദേശി അന്‍സിനയേയും ഭര്‍ത്താവ് മുഹമ്മദ് അഫീഫിനേയും ട്രെയിന്‍ യാത്രയിൽ വെച്ചാണ് മാവേലിക്കര സ്വദേശിയായ ഗൗരി നന്ദ പരിചയപ്പെടുന്നത്. പണമുണ്ടാക്കുന്ന വഴികളെക്കുറിച്ചുള്ള സംസാരം മൂവരേയും ഒരുമിപ്പിച്ചു. ഗൗരി നന്ദ സമൂഹ മാധ്യമം വഴി രണ്ടു ദിവസം മുമ്പ് പരിചയപ്പെട്ട അഴിഞ്ഞിലം സ്വദേശിയെ ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കി. യുവാവിനോട് അടുപ്പം സ്ഥാപിച്ചശേഷം മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി പണം തട്ടാനായിരുന്നു പദ്ധതി. സംശയമൊന്നും തോന്നാതിരുന്ന യുവാവ് ഗൗരിനന്ദ പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയപ്പോള്‍ മൂവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയ ശേഷം നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്‍റെ ഫോണ്‍ തട്ടിപ്പറിച്ച് ഗൂഗിള്‍പേ വഴി 1.35 ലക്ഷം രൂപ ആദ്യം തട്ടിയെടുത്തു. കൈവശമുണ്ടായിരുന്ന പതിനായിരം രൂപ പിന്നീടും തട്ടിയെടുത്തു. യുവാവിനെ വിട്ടയച്ചെങ്കിലും ഭീഷണി തുടര്‍ന്നു. നഗ്ന ഫോട്ടോകള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുമെന്ന് പറഞ്ഞായിരുന്നു വീണ്ടും പണം ആവശ്യപ്പെട്ടത്. ഇതോടെ ഗതികെട്ട യുവാവ് കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരേയും കോഴിക്കോട് നഗരത്തില്‍ വെച്ച് പിടികൂടിയത്.


