പാലക്കാട് വെച്ച് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റിലേക്ക് ക്ഷണിക്കാത്തതിൽ മന്ത്രി കെ കൃഷ്ണകുട്ടിക്ക് അതൃപ്തി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസും വ്യക്തമാക്കി

പാലക്കാട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് ക്ഷണമില്ല. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം സംഘടിപ്പിക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റ് പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തിയിലാണ് മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി. വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് കൃഷ്ണകുട്ടിയുടെ ഓഫീസും വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് കിഫ് ഇന്‍ഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുന്നത്.

ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള കഞ്ചിക്കോട് വ്യവസായ സ്മാർട്ട് നഗരത്തിന്‍റെ വികസനസാധ്യതകൾ വിലയിരുത്താനാണ് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം കിഫ് ഇൻഡ് സമ്മിറ്റ്-2025 എന്ന പേരിൽ വ്യവസായ ഉച്ചകോടി സംഘടിപ്പിക്കുന്നത്. കഞ്ചിക്കോട് ഇ.കെ നായനാർ കൺവെൻഷൻ സെന്‍ററിലാണ് പരിപാടി നടക്കുന്നത്. കഞ്ചിക്കോട് മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെയും സംരംഭകരെയും വ്യവസായ പ്രമുഖരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ​വ്യവസായ പ്രമുഖരും, സംരംഭകരും, നയരൂപീകരണ വിദഗ്ധരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ, വ്യവസായ വികസനത്തിനായുള്ള ചർച്ചകൾ നടക്കും.

​പരിപാടിയിൽ വ്യവസായ മന്ത്രി പി. രാജീവ് 'കേരളത്തിലെ വ്യവസായ വിപ്ലവം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് 'സംരംഭക സൗഹൃദ അന്തരീക്ഷം: കേരളത്തിലെ വ്യവസായ രംഗത്ത് സർക്കാർ നടപ്പാക്കിയ പുരോഗമനപരമായ പരിഷ്കാരങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കഞ്ചിക്കോട് വ്യവസായ സ്മാർട്ട് സിറ്റി പദ്ധതിയുടെ രൂപരേഖയെക്കുറിച്ചും, അത് കേരളത്തിന്‍റെ വ്യാവസായിക വികസനത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശദീകരിക്കും.

YouTube video player