
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 15-കാരനെ ദില്ലിയിൽ കണ്ടെത്തി. കരുളായി സ്വദേശിയായ വിദ്യാർഥിയെ ഓഗസ്റ്റ് 22 മുതലാണ് കാണാതായത്. സംഭവത്തിൽ പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
സമൂഹമാധ്യമങ്ങൾ വഴിയും കുട്ടിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെ ദില്ലി മെട്രോ സ്റ്റേഷനിൽ വെച്ച് കരുളായി സ്വദേശികളായ സംഘം കുട്ടിയെ തിരിച്ചറിയുകയും വിവരം ഉടനടി പൂക്കോട്ടുംപാടം പോലീസിനെ അറിയിക്കുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം പൂക്കോട്ടുംപാടം പോലീസ് സംഘം ദില്ലിയിലെത്തി കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.
നാട്ടിലെത്തിച്ച വിദ്യാർഥിയെ പെരിന്തൽമണ്ണ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം അയച്ചു. പൂക്കോട്ടുംപാടം ഇൻസ്പെക്ടർ അബ്ദുൽ കരീം, സീനിയർ സിവില്‍ പോലീസ് ഓഫിസർ ജിനാസ് ബക്കർ, സിവിൽ പോലീസ് ഓഫിസർമാരായ അഫ്സൽ ബാബു, സാബിറലി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും കുട്ടിയെ കണ്ടെത്തുന്നതിനുമായി ഡൽഹിയിലെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam