പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തി. എന്നാൽ, നേതൃത്വത്തിന്റെ വീഴ്ച അംഗീകരിക്കാത്ത പിണറായിയുടെ നിലപാടിനെതിരെ ടി കെ ഗോവിന്ദൻ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും പാർട്ടിയുടെ വളർച്ചയെ പരിഹസിക്കുകയും ചെയ്തു.
കണ്ണൂർ: പയ്യന്നൂരിലെ പിണറായി വിജയന്റെ പരിപാടിക്ക് ശേഷം തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി നേതാക്കൾ. ടി ഐ മധുസൂദനനും ഏരിയ സെക്രട്ടറി പി സന്തോഷും നഗരസഭ ചെയർമാൻ സരിൻ ശശിയും അടക്കമുള്ള നേതാക്കളാണ് മാധ്യമങ്ങളെ കണ്ടത്. പിണറായി ഭീഷണി പ്രസംഗം നടത്തുന്നുവെന്ന വ്യാഖ്യാനമാണ് വരുന്നതെന്ന് ടി ഐ മധുസൂദനൻ പറഞ്ഞു. സിപിഎം സെൻട്രൽ കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് പബ്ലിക് ഡോക്യുമെന്റാണെന്നും ആ കാര്യങ്ങളാണ് പിണറായി പൊതുസമൂഹത്തിൽ പറഞ്ഞതെന്നും അതിൽ ഭീഷണിയുടെ സ്വരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയെ കാണുമ്പോൾ ആരെങ്കിലും പേടിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഉള്ളിലെ ഉറപ്പില്ലായ്മയാണെന്നും തങ്ങളുടെ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.

ധനരാജ് കൊല്ലപ്പെട്ടപ്പോൾ തന്നെ അറിയിച്ചില്ലെന്ന വി കുഞ്ഞികൃഷ്ണന്റെ വാദത്തെയും നേതാക്കൾ തള്ളി. ഏരിയാ കമ്മിറ്റി മെമ്പറായ കുഞ്ഞികൃഷ്ണൻ അറിഞ്ഞില്ല എന്ന് പറയുന്നത് അദ്ദേഹത്തിന് ജനങ്ങളോട് ബന്ധമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഗൾഫിലുള്ളവർ വരെ ധനരാജിനെ കൊന്നത് അറിഞ്ഞിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നും മധുസൂദനൻ ആരോപിച്ചു. തങ്ങളാണ് ജയിപ്പിച്ചത് എന്ന് ബിജെപി കോഴിക്കോട് മേഖല സെക്രട്ടറി പനക്കീൽ ബാലകൃഷ്ണൻ പ്രസംഗിച്ചത് മധുസൂദനൻ ചൂണ്ടിക്കാണിച്ചു. കുഞ്ഞികൃഷ്‌ണന് എംഎൽഎ ആകണമെങ്കിൽ പാർട്ടിയോട് പറയാമായിരുന്നു. എന്ത് കൊണ്ട് പറഞ്ഞില്ല, പറഞ്ഞിരുന്നെങ്കിൽ പാർട്ടി പരിശോധിക്കാമായിരുന്നുവെന്നും ടി ഐ മധുസൂദനൻ പറഞ്ഞു.
പാർട്ടിക്കോട്ടകളിലെ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടരുകയാണ് സിപിഎം. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിയിൽ ആഴത്തിലുള്ള പരിശോധനയ്ക്കായി നാല് ഇടങ്ങളിലാണ് പിണറായി വിജയനെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്നും ജനവിധി മാനിക്കുന്നുവെന്നും തിരുത്തേണ്ടവ തിരുത്തുമെന്നും പിണറായി വിജയൻ തളിപ്പറമ്പിൽ പറഞ്ഞു. എന്നാൽ നേതൃത്വത്തിന് വീഴ്ചയില്ലെന്ന നിലപാട് ആവർത്തിച്ച അദ്ദേഹം, പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചുവെന്നും അവർ ആത്മപരിശോധന നടത്തി തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ടി കെ ഗോവിന്ദൻ അവസരവാദിയാണെന്നും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്നും പിണറായി കുറ്റപ്പെടുത്തി.
എന്നാൽ പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് ടി കെ ഗോവിന്ദൻ എംഎൽഎ പ്രതികരിച്ചത്. കോഴിക്കോട് മാവൂരിൽ ആർ എം പി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിക്ക് കാരണം ജനങ്ങൾക്ക് പറ്റിയ തെറ്റാണെന്ന് ആവർത്തിക്കുന്നവർ അഹന്തയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ടി കെ ഗോവിന്ദൻ തിരിച്ചടിച്ചു. സിപിഎം ഒരിക്കലും തെറ്റ് തിരുത്തിയിട്ടില്ലെന്നും നേതാക്കളുടെ സ്വാർത്ഥ താല്പര്യമാണ് പാർട്ടിയെ തകർക്കുന്നതെന്നും പറഞ്ഞ അദ്ദേഹം സിപിഎമ്മിന്റെ വളർച്ച പടവലങ്ങ പോലെയാണെന്ന് പരിഹസിച്ചു. തന്നെ തളിപ്പറമ്പിലെ ബ്രൂട്ടസെന്ന് വിളിച്ച കെ കെ രാഗേഷിനും ഗോവിന്ദൻ കടുത്ത ഭാഷയിൽ മറുപടി നൽകി.


