
കായംകുളം: ദേശീയപാതയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന കായംകുളത്ത് ഇന്നലെ രാത്രി ഉണ്ടായത് രണ്ട് അപകടങ്ങൾ. അപകടത്തിൽ ഒരാൾ മരിച്ചു. കായംകുളം കെപിഎസി ജംഗ്ഷന് സമീപം ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയിൽ വീണാണ് യുവാവ് മരിച്ചത്. കായംകുളം എരുവ നിറയിൽമുക്ക് സ്വദേശി ആരോമലാണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ ആരോമലും മറ്റു രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് സർവീസ് റോഡിന് കുറുകെ ഓടക്കായി നിർമ്മിച്ച കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരോമലിന്റെ പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു.
രാത്രി 11 മണിയോടെയായിരുന്നു രണ്ടാമത്തെ അപകടം. കായംകുളം കെഎസ്ആർടിസിക്ക് സമീപം കമലാലയം ജംഗ്ഷനിൽ ബൈക്ക് കുഴിയിൽ വീണാണ് ഐക്യ ജംഗ്ഷൻ സ്വദേശി നബീൻ ഷായ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയത്. ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്ന, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ അപകട സാധ്യത സിഗ്നലുകളോ ബോർഡുകളോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam