
തിരുവനന്തപുരം: ഗര്‍ഭാശയഗളാര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സിക്കുക പ്രധാനമാണെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാന്‍സറുകളില്‍ ഒന്നാണ് ഗര്‍ഭാശയഗളാര്‍ബുദം അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. വിവിധ കാരണങ്ങളാല്‍ ഈ രോഗം സ്ത്രീകളില്‍ വരാന്‍ സാധ്യതയുണ്ടെങ്കിലും ഹ്യൂമന്‍ പാപ്പിലോമാ വൈറസ് എന്ന രോഗാണുവിന്‍റെ സാന്നിധ്യമാണ് ഈ ക്യാന്‍സറിലേക്ക് നയിക്കുന്ന പ്രധാന കാരണം. കേരളത്തില്‍ 7.9 ശതമാനത്തോളം സ്ത്രീകളില്‍ ഗര്‍ഭാശയഗളാര്‍ബുദം ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ കണ്ടത്തിയാല്‍ സങ്കീര്‍ണതകളില്ലാതെ ചികിത്സിക്കാന്‍ കഴിയുന്ന രോഗമാണ് കാന്‍സര്‍. ജനകീയ ആരോഗ്യ കേന്ദ്രം മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിംഗിന് സൗകര്യമുണ്ട്. എല്ലാവരും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സ്തനാര്‍ബുദവും തൈറോയ്ഡ് ക്യാന്‍സറും കഴിഞ്ഞാല്‍ ഗര്‍ഭാശയഗളാര്‍ബുദ കാന്‍സറാണ് കാണുന്നതെങ്കിലും മരണനിരക്ക് നോക്കുമ്പോള്‍ ഗര്‍ഭാശയഗള കാന്‍സറാണ് കൂടുതലായി കാണപ്പെടുന്നത്.
പരിശോധന നടത്തുന്നതിനുള്ള കാലതാമസവും രോഗം കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് ക്യാമ്പുകളില്‍ എത്തുന്നതിനുള്ള വൈമുഖ്യവും കാരണമാണ് ഈ രോഗം പലപ്പോഴും ഗുരുതരമായി മാറാന്‍ ഇടയാവുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനും, രോഗം നേരത്തെ കണ്ടെത്തുന്നതിനും, സംസ്ഥാന ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം - അകറ്റാം അര്‍ബുദം' എന്ന ക്യാമ്പയിന്‍ നടപ്പിലാക്കി വരുന്നു.
2024 ഫെബ്രുവരി നാലിന് ആരംഭിച്ച ഈ ക്യാമ്പയിനില്‍ 20 ലക്ഷത്തില്‍പ്പരം പേര്‍ പങ്കെടുക്കുകയും മുപ്പതിനായിരത്തോളം പേരെ ഗര്‍ഭാശയഗള കാന്‍സര്‍ രോഗം സംശയിച്ച് തുടര്‍പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 84 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുകയും 243 പേര്‍ക്ക് കാന്‍സര്‍ വരാനുള്ള (പ്രീ കാന്‍സര്‍) ലക്ഷണം കണ്ടെത്താനും സാധിച്ചു. പ്രീ കാന്‍സര്‍ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ അവര്‍ക്ക് കാന്‍സര്‍ വരാതെ തടയാനാകും. ഗര്‍ഭാശയഗളാര്‍ബുദം തടയുന്നതിന് ഏറ്റവും ഉചിതമായ മാര്‍ഗം വാക്സിനേഷനാണ്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കാണ് ഈ വാക്സിന്‍ നല്‍കേണ്ടത്. കേരളത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിനെതിരെയുള്ള വാക്സിന്‍ നല്‍കുന്നതിനുള്ള ഒരു ബൃഹത് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചിട്ടുണ്ട്. ഗര്‍ഭാശയഗളാര്‍ബുദ നിര്‍മാര്‍ജനത്തില്‍ ഈ വാക്‌സിനേഷന്‍ വളരെയേറെ സഹായിക്കുമെന്നും ആരോഗ്യ വകുപ്പ് ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam