സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എൻ സജീവൻ (66) അന്തരിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി,  ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായും ജില്ല സെക്രട്ടേറിയേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്

ഹരിപ്പാട്: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം വലിയഴീക്കൽ കുന്നുംപുറത്ത് വീട്ടിൽ എൻ സജീവൻ (66) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സിപിഎം ഹരിപ്പാട് ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് പത്ത് മണിയോടെ സിപിഎം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലും ശേഷം 11 മണിക്ക് ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകീട്ട് നാലരയോടെ വലിയഴീക്കലിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു സജീവൻ. പ്രഥമ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായിരുന്നു. സിപിഐഎം ആറാട്ടുപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പിന്നീട് ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റംഗമായും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. മത്സ്യഫെഡ് ഡയറക്ടർ, തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടർ, വലിയഴീക്കൽ - ആറാട്ടുപുഴ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്, പെരുമ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: വിമല. മക്കൾ: ഗായത്രി, രാജശേഖരൻ, നന്ദിനി. മരുമക്കൾ: അശ്വിൻ ശശി, ശ്വേത, വിജിത്ത്.