കോറോണ വൈറസ് ; കൊച്ചി വിമാനത്താവളത്തിൽ 28 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

By Web TeamFirst Published Jan 22, 2020, 4:53 PM IST
Highlights

 വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന തുടങ്ങാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിന്നു.

കൊച്ചി: കോറോണ വൈറസ് ബാധിത മേഖലയിൽ നിന്നെത്തിയ 28 യാത്രക്കാരെ കൊച്ചി വിമാനത്താവളത്തിൽ പരിശോധിച്ചു. ആർക്കു വൈറസ് ബാധയില്ല. ചൈനയിൽ കൊറോണ ബാധ പടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യ പരിശോധന ആരംഭിച്ചത്. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിരുന്നു. വൈറസ് ഭീഷണയിയുടെ സാഹചര്യത്തിൽ നെടുമ്പാശ്ശേരിയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

Read More: കൊറോണ വൈറസ്: സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം; വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തം

വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കുവാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ടെർമിനലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെല്ലാം പ്രത്യേക മാസ്കും ഗ്ലൗസും നൽകിയിട്ടുണ്ട്. ഇതിന് പുറമേ അണുവിമുക്തമായ ആംബുലൻസും ഒരുക്കിയിട്ടുണ്ട്.

Read More: 'കൊറോണ വൈറസ്'; ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന തുടങ്ങി

വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തിയിരുന്നു. നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. ഇതിനിടെ 'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് കഴിഞ്ഞ ദിവസം ചൈന സ്ഥിരീകരിക്കുകയും കൂടി ചെയ്തതോടെ ലോകം അതീവ ജാഗ്രയിലാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് 'കൊറോണ' എന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്. ഈ രീതിയിലുള്ള വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കുക താരതമ്യേന എളുപ്പമായിരുന്നു. എന്നാൽ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്ന കണ്ടെത്തല്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 

Read More: ഭയന്നത് സത്യം;'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും

ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുന്നതാണ് 'കൊറോണ' വൈറസ് ബാധയില്‍ ആദ്യഘട്ടത്തില്‍ സംഭവിക്കുക. തുടര്‍ന്ന് ശ്വാസകോശത്തെയാണ് രോഗം ബാധിക്കുക. 2002-03 വര്‍ഷങ്ങളില്‍ ചൈനയിലും ഹോംഗ്‌കോംഗിലും പടര്‍ന്നുപിടിച്ച 'സാര്‍സ്'വൈറസിന്റേതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് 'കൊറോണ'വൈറസിലും നടക്കുന്നത്.

click me!