ചൈനയില്‍ 'കൊറോണ'യെന്ന മാരക വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ആരോഗ്യപരിശോധന തുടങ്ങി. രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് പരിശോധനകള്‍ നടത്തുക. ചൈനയിൽ നിന്നുള്ള യാത്രക്കാരെയാണ് ആദ്യഘട്ടത്തിൽ സ്ക്രീനിംഗിന് വിധേയരാക്കുന്നത്. വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി.

നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. ഇതിനിടെ 'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് ഇന്നലെ വൈകീട്ടോടെ ചൈന സ്ഥിരീകരിക്കുകയും ചെയ്തു.

ഇതോടെയാണ് വിഷയത്തിന്റെ തീവ്രത അളവിലധികം വര്‍ധിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് 'കൊറോണ' എന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള സാഹചര്യമുണ്ടാവുമായിരുന്നു. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്ന കണ്ടെത്തല്‍ വന്‍ തിരിച്ചടിയായി.

ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുന്നതാണ് 'കൊറോണ' വൈറസ് ബാധയില്‍ ആദ്യഘട്ടത്തില്‍ സംഭവിക്കുക. തുടര്‍ന്ന് ശ്വാസകോശത്തെയാണ് രോഗം ബാധിക്കുക. 2002-03 വര്‍ഷങ്ങളില്‍ ചൈനയിലും ഹോംഗ്‌കോംഗിലും പടര്‍ന്നുപിടിച്ച 'സാര്‍സ്'വൈറസിന്റേതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് 'കൊറോണ'വൈറസിലും നടക്കുന്നത്.

'സാര്‍സ്' മൂലം ഏതാണ്ട് 650 പേരാണ് ചൈനയിലും ഹോംഗ്‌കോംഗിലും അക്കാലയളവില്‍ മരിച്ചത്. ഇതേ തീവ്രതയാണ് 'കൊറോണ'യ്ക്കും ഉള്ളതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയില്‍ ആയിരത്തിലധികം പേര്‍ക്ക് 'കൊറോണ' സ്ഥിരീകരിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത ചൈന നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് നാല്‍പത്തിയൊന്ന് പേര്‍ക്കേ രോഗമുള്ളൂവെന്നും മൂന്ന് മരണമാണ് സംഭവിച്ചിട്ടുള്ളത് എന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി.

എന്നാല്‍ 300 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതായിട്ടാണ് ഇന്ന് ചൈന പ്രതികരിച്ചിരിക്കുന്നത്. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ ദില്ലി സ്വദേശിയായ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്. വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന തുടങ്ങാന്‍ ആരോഗ്യമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചൈനയിലേക്ക് യാത്ര പോകുന്നവര്‍ക്ക് പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തേ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എങ്കിലും യാത്രയ്‌ക്കോ കച്ചവടത്തിനോ മറ്റ് വിലക്കുകളോ നിയന്ത്രണങ്ങളോ ഇതുവരെ വന്നിട്ടില്ല.