കൊടും ചൂടും കാത്തിരുന്ന് കിട്ടിയ വേനൽമഴയും ഒപ്പമെത്തിയ കാറ്റും ചതിച്ചു, എറണാകുളം ജില്ലയിൽ 43 കോടിയുടെ കൃഷിനാശം

Published : May 03, 2026, 01:40 PM IST
Vazha

Synopsis

എറണാകുളം ജില്ലയിൽ കൊടുംചൂടും വേനൽമഴയും കാറ്റും മൂലം ജനുവരി മുതൽ ഏപ്രിൽ വരെ 43.38 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു. 11,385 കർഷകരെയാണ് ഇത് ബാധിച്ചത്, ഇതിൽ ഏറ്റവും കൂടുതൽ നഷ്ടം വാഴ കർഷകർക്കാണ്. വായ്പ തിരിച്ചടക്കാനാവാതെയും നഷ്ടപരിഹാരം വൈകുന്നതിലും കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.

കൊച്ചി: കൊടും ചൂടും കാത്തുകാത്തിരുന്ന് കിട്ടിയ വേനൽമഴയും കാറ്റും ചേർന്ന് തകർത്തത് എറണാകുളം ജില്ലയിലെ കർഷകരുടെ 43 കോടി മൂല്യമുള്ള കാർഷിക സ്വപ്നങ്ങൾ. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെ കൃഷി വകുപ്പ് തയ്യാറാക്കിയ പ്രാഥമിക കണക്ക് പ്രകാരം 43.38 കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിളവെടുപ്പിന് പാകമായിരുന്ന പച്ചക്കറികളും പഴവർഗങ്ങളും നാണ്യ വിളകളും വ്യാപകമായി നശിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യമൃഗ ശല്യം മൂലം നേരത്തേ തന്നെ ബുദ്ധിമുട്ടിലായിരുന്ന കർഷകരെ പ്രതികൂല കാലാവസ്ഥ കൂടുതൽ പ്രതിസന്ധിയിലാക്കി. നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ലഭിച്ചതിന് ശേഷമേ യഥാർത്ഥ നഷ്ടത്തിന്റെ പൂർണ കണക്ക് വ്യക്തമാകൂവെന്നും അധികൃതർ പറയുന്നു.

ഈ വർഷം ചൂടും മഴയും കാറ്റും ചേർന്ന് 4297.08 ഹെക്ടർ പ്രദേശത്തെ കൃഷിയാണ് നശിപ്പിച്ചത്. 11,385 കർഷകരുടെ കൃഷിയിടങ്ങളാണ് ബാധിച്ചത്. വായ്പയെടുത്തും പാട്ട ഭൂമിയിൽ കൃഷിയിറക്കിയും മുന്നോട്ട് പോയ കർഷകരാണ് ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലായത്. വിഷുവിനും ഓണ വിപണിക്കും ലക്ഷ്യമിട്ട് നടത്തിയിരുന്ന കൃഷികൾ പലതും ഉണങ്ങിയും കാറ്റിൽ തകർന്നുമാണ് നഷ്ടമായത്. പുതുതായി നട്ടതും വിളവെടുപ്പിന് അടുത്തെത്തിയതുമായ കൃഷികളും നാശനഷ്ടത്തിൽപ്പെട്ടു. ഏറ്റവും കൂടുതൽ നാശമുണ്ടായത് വാഴകൃഷിയിലാണ്. കുലച്ചതും കുലക്കാറായതുമായ ആയിരക്കണക്കിന് വാഴകൾ വേനൽച്ചൂടിൽ ഉണങ്ങി. പിന്നീട് ഉണ്ടായ കാറ്റിലും മഴയിലും ഒടിഞ്ഞ് വീഴുകയും ചെയ്തു. ആലുവ, അങ്കമാലി, പറവൂർ, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, പിറവം മേഖലകളിലാണ് കൂടുതൽ നാശം രേഖപ്പെടുത്തിയത്.

ജനുവരി ഒന്നിന് ശേഷം മാത്രം 3966.02 ഹെക്ടറിലെ 6381 കർഷകരുടെ വാഴ കൃഷി നശിച്ചു. ഇതിലൂടെ 35.37 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. കോതമംഗലം ബ്ലോക്കിലാണ് വാഴനാശം ഏറ്റവും രൂക്ഷം. ഇവിടെ 2620.90 ഹെക്ടറിലെ 831 കർഷകരുടെ കൃഷി തകർന്നു. ഏകദേശം 3.20 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ മാത്രം ഉണ്ടായത്. കൃഷി തകർന്നതോടെ വായ്പ തിരിച്ചടക്കാനാകാതെ നിരവധി കർഷകർ പ്രതിസന്ധിയിലാണ്. ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും ജപ്തി ഭീഷണിയും പലർക്കുമേൽ നിലനിൽക്കുന്നു. നഷ്ട പരിഹാരത്തിനായി അപേക്ഷ നൽകിയാലും നടപടികൾ വൈകുന്നതായി കർഷകർ പരാതിപ്പെടുന്നു. കൃഷി വകുപ്പിന്റെ പരിശോധനയും രേഖാ സമർപ്പണവും പൂർത്തിയാക്കിയ ശേഷവും സഹായം ലഭിക്കാൻ നീണ്ട കാത്തിരിപ്പാണെന്നാണ് അവരുടെ ആരോപണം. ഇതിന് മുൻപ് വന്യ ജീവി ശല്യം മൂലമുണ്ടായ കൃഷി നാശത്തിന്റെ നഷ്ട പരിഹാരം പോലും മുഴുവൻ കർഷകർക്കും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നാണ് കർഷകരുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പാലായിൽ മികച്ച വിജയമുണ്ടാകും, സംസ്ഥാനത്ത് 8-15 വരെ സീറ്റ് ബിജെപി നേടും'; പി സി ജോർജ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഷോൺ‌ ജോർജ്
'മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി ഞങ്ങൾക്കില്ല'; 10 വർഷം കരുത്തോടെ പിണറായി നയിച്ച അനുഭവം മുന്നിലുണ്ടെന്ന് ടി പി രാമകൃഷ്ണൻ