പുതിയ കപ്പൽ നിർമാണ ശാലയ്ക്ക് തൂത്തുക്കുടിയിൽ സ്ഥലം അന്വേഷിച്ച് കൊച്ചിൻ ഷിപ്പ് യാർഡ്. പദ്ധതിക്ക് അനുയോജ്യം തൂത്തുക്കുടിയെന്നാണ് വിലയിരുത്തൽ. 2000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: കപ്പൽ നിർമ്മാണശാലക്ക് സ്ഥലം അന്വേഷിച്ച് കൊച്ചിൻ ഷിപ്പ് യാർഡ് തൂത്തുക്കുടിയിലേക്ക്. 2000 കോടി രൂപയുടെ പദ്ധതി നടത്തിപ്പിന് സ്ഥലം ഏറ്റെടുക്കാനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് അനുബന്ധിച്ച് ആലോചനയിലുണ്ടായിരുന്ന പൂവ്വാർ കപ്പൽ നിർമ്മാണ ശാലക്കുള്ള സാധ്യത ഇതോടെ മങ്ങുകയാണ്.
അന്താരാഷ്ട്ര തുറമുഖമെന്നാൽ ട്രാൻഷിപ്പ് മെന്റ് കേന്ദ്രം എന്നതിലുപരി സമഗ്ര സമുദ്ര വ്യവസായ മേഖലയാകണമെന്നും അതാണ് സ്വപ്ന പദ്ധതിയെന്നും സംസ്ഥാന സർക്കാർ ആവർത്തിക്കുമ്പോഴാണ് പൊതുമേഖലാ സ്ഥാപനത്തിന്‍റെ 2000 കോടി നിക്ഷേപം തൂത്തുക്കുടിക്ക് പോകുന്നത്. കപ്പൽ നിർമ്മാണ ശാലയ്ക്ക് അനുയോജ്യവും സ്ഥലം കിട്ടാൻ എളുപ്പവും തൂത്തുക്കുടിയിലാണെന്നാണ് വിലയിരുത്തൽ. ആദ്യഘട്ടത്തിൽ ആവശ്യമുള്ള ഭൂമി ദീർഘകാല പാട്ട വ്യവസ്ഥയിൽ ലഭ്യമാക്കാനാണ് നടപടി തുടങ്ങിയത്.
2000 കോടി രൂപയാണ് മുടക്കുന്നത്. കൊച്ചിക്കും ഉടുപ്പിക്കും കൊൽക്കത്തക്കും ശേഷം തൂത്തുക്കുടിയിലും കപ്പൽ നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കും പദ്ധതി വരുന്നതോടെ ഈ മേഖലയിൽ രാജ്യ വ്യാപക വികസനമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനം ലക്ഷ്യമിടുന്നത്. അതിവേഗം വളരുന്ന വിഴിഞ്ഞം തുറമുഖത്തിന് 10 കിലോമീറ്റർ മാത്രം അകലെയുള്ള പൂവ്വാറിൽ കപ്പൽ നിർമ്മാണശാലയെന്നത് തുറമുഖാനുബന്ധ വികസന പദ്ധതിയിൽ പ്രധാനപ്പെട്ട ഒന്നാണ്. വലിയ കപ്പലുകൾക്ക് പോലും അടുക്കാവുന്ന തരത്തിലുള്ള സ്വാഭാവിക ആഴവും അന്താരാഷ്ട്ര കപ്പൽചാലിനോട് തൊട്ടടുത്തെന്ന പരിഗണനയും എല്ലാം പൂവാറിനെ സാധ്യതകളിൽ നിലനിർത്തി. കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്‍റെ ബൃഹദ് പദ്ധതി അതിർത്തിക്കപ്പുറത്തെ തൂത്തുക്കുടി കൊണ്ട് പോകുമ്പോൾ പൂവ്വാർ തൽക്കാലം മാപ്പിൽ നിന്നേ മാറ്റി നിർത്തപ്പെടുകയാണ്.

