
കൊല്ലം: കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്. ശിവാലയ കൺസ്ക്ട്രക്ഷൻസിനാണ് ദേശീയപാതയുടെ നിർമാണ ചുമതലയുള്ളത്. കടമ്പാട്ടുകോണം - കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്.
അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. നിർമാണത്തിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും സ്ഥലത്തേക്ക് എത്തി. ദേശീയപാത നിർമാണത്തിൽ അഴിമതിയും അനാസ്ഥയെന്നും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാൽ വിമർശിച്ചു.
മലപ്പുറം കൂരിയാട് അടക്കം നിര്‍മാണത്തിലിരിക്കെ ദേശീയ പാത തകര്‍ന്നതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പെയാണ് കൊല്ലം മൈലക്കാടും ദേശീയ പാത തകര്‍ന്നത്. അടിയന്തര അന്വേഷണം നടത്താൻ പൊതുമരാമത്ത് മന്ത്രി സെക്രട്ടറിക്കാണ് മന്ത്രി നിർദേശം നൽകിയത്. ദേശീയ പാത അതോറിറ്റിയോട് വിശദീകരണം തേടാനും നിർദേശമുണ്ട്.
31.25 കി.മീ ദൂരം വരുന്ന കടമ്പാട്ടുക്കോണം - കൊല്ലം സ്ട്രെച്ചിലാണ് ഇന്ന് അപകടമുണ്ടായത്. ശിവാലയ കൺസ്ട്രക്ഷൻസിനാണ് നിർമാണ ചുമതല. ദേശീയ ജല പാതയ്ക്കായി കായലിൽ നിന്ന് കുഴിച്ചെടുത്ത മണ്ണ് ദേശീയ പാത നിര്‍മാണത്തിന് ഉപയോഗിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. കൊല്ലം റീച്ചിൽ കുഴി നികത്താനും അപ്രോച്ച് റോഡിന്‍റെ ഫില്ലിങ്ങിനും അഷ്ടമുടിക്കായലിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ചിരുന്നതായി എൻഎച്ച്ഐ വൃത്തങ്ങള്‍ നേരത്തെ സമ്മതിച്ചിരുന്നു. പാത തകര്‍ന്ന സ്ഥലത്ത് ഈ മണ്ണ് ഉപയോഗിച്ചോയെന്ന് വ്യക്തമല്ല . ഉപയോഗിച്ച മണ്ണിനെക്കുറിച്ചും പരിശോധന വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്
ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ സി വേണുഗോപാൽ എംപി. ഡിസൈനിൽ പിഴവ് ഉണ്ടായി എന്ന് അവർ തന്നെ സമ്മതിച്ചത് ആണ്. സുരക്ഷ ഓഡിറ്റ് നടത്തും എന്ന് ഉറപ്പ് നൽകിയത് ആണ്. പക്ഷേ, ഒന്നും നടന്നില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ ഉണ്ടായ സംഭവം. ദേശീയപാത ദുരന്തപാതയാക്കുകയാണ്. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇടപെടൽ നടത്താത്തത്? ദേശീയപാത നിർമാണത്തിൽ വൻ അഴിമതിയാണ് നടക്കുന്നത്. പപ്പടം പൊടിയുന്ന പോലെ റോഡ് പൊടിഞ്ഞു വീഴുകയാണ്. അഴിമതി മൂടി വെക്കാൻ സർക്കാർ കൂട്ട് നിൽക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്ക് എതിരെ പറയുന്നവരെ സംസ്ഥാന സർക്കാർ ശത്രുപക്ഷത്ത് നിർത്തുകയാണെന്നും കെ സി വേണുഗോപാൽ എംപി പറഞ്ഞു.