
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടങ്ങളുണ്ടായി. മൂന്ന് പേർ കൊല്ലപ്പെട്ടു. തൃശ്ശൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കണ്ണൂരിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചും അപകടമുണ്ടായി. കാസർകോട് പൊലീസ് ജീപ്പ് അപകടത്തിൽ പെട്ട് കത്തി നശിച്ചു.
തൃശൂർ വെട്ടിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. വയനാട് കുപ്പാടി സ്വദേശി മുള്ളൻവയൽ വീട്ടിൽ എം.ആർ. അരുൺരാജ് (27) , കോഴിക്കോട് സ്വദേശി കൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ചും രണ്ടാമൻ ജില്ലാ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. രണ്ടുപേരും ഇസാഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ദേശീയപാതയുടെ സർവീസ് റോഡിൽ ഹോളി ഫാമിലി കോൺവെന്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. സർവീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിടിച്ചായിരുന്നു അപകടം.
കണ്ണൂർ ഉളിക്കൽ മാട്ടറ റോഡിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോയിൽ ബസിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന 2 വിദ്യാർത്ഥികൾക്കും പരിക്കുണ്ട്. ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഇരിട്ടിയിൽ നിന്ന് ഉളിക്കലിലേക്ക് പോവുകയായിരുന്ന മൂസ എന്ന സ്വകാര്യ ബസിടിച്ചാണ് അപകടം ഉണ്ടായത്. പുൾപ്പുര അപ്പച്ചൻ എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്.
കാസർകോട് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ വിദ്യാനഗർ പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കത്തി നശിച്ചു. പുലർച്ചെ നാലരയോടെയാണ് സംഭവം. വിദ്യാനഗർ - പാറക്കട്ട റോഡിൽ ഫാമിലി കോടതിക്ക് സമീപമാണ് അപകടം നടന്നത്. പൊലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റു. രാത്രി നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഐ പ്രശാന്തും സംഘവും സഞ്ചരിച്ച ജീപ്പാണ് കത്തി നശിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ജീപ്പ് പൂർണ്ണമായും കത്തി നശിച്ചു.