
ദില്ലി: മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികൾ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെയ്ക്ക് നൽകിയതിന് പിന്നാലെ പ്രതികരിച്ച് അടൂർ പ്രകാശ് എം പി. പരാതി കൊടുക്കേണ്ട സ്ഥലത്ത് കൊടുത്തിട്ടുണ്ട് എന്നാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. നേതൃത്വം ഇടപെടും എന്ന പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഒന്നും ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല എന്ന് വ്യക്തമാക്കിയ യുഡിഎഫ് കൺവീനർ പരസ്യ പ്രതികരണം പാടില്ലെന്ന് ഹൈക്കമാൻഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് ആക്കം കൂട്ടി മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ഇന്ന് കണ്ടിരുന്നു. തന്‍റെ പരാതികൾ അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് കൈമാറിയിട്ടുണ്ട്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സമയത്തിനായി അടൂർ പ്രകാശ് കാത്തിരിക്കുകയാണ്. പരാതി കൈമാറിയോ എന്ന ചോദ്യത്തിന് അദ്ദേഹം ആദ്യ മറുപടി യെസ്സിൽ ഒതുക്കി. രാഹുൽ ഗാന്ധി നാളെയാകും കാണുക എന്നാണ് വിവരം. ദീപദാസ് മുൻഷിയേയും ഇന്ന് കണ്ടു. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് കൺവീനർ. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതിയാണ് കൈമാറിയിട്ടുള്ളത്.
മുന്നണിയിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാനായും, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ദില്ലിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് എടുത്തതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പ്രധാനപ്പെട്ട സർക്കാർ തീരുമാനങ്ങൾ പലതും മുന്നണി കൺവീനറായ താൻ "മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്" എന്ന് അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. ജൂലൈ മാസത്തിന് ശേഷം യുഡിഎഫ് ഏകോപന സമിതി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam