
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ ഇനി ദേവസ്വം കമ്മീഷണറും പങ്കെടുക്കും. ബോർഡ് തീരുമാനങ്ങളിൽ കമ്മീഷണർമാർക്ക് പങ്കാളിത്തമില്ലെന്ന പരാതികളെ തുടർന്നാണ് നിയമഭേഗതിക്ക് സർക്കാർ തീരുമാനിച്ചത്. ദേവസ്വം ബോർഡ് രൂപീകരിച്ച് 75 വർഷം പിന്നിടുമ്പോഴാണ് സർക്കാരിന്‍റെ നിർണായക തീരുമാനം.
ദേവസ്വം പ്രസിഡൻറും രണ്ട് അംഗങ്ങളും സെക്രട്ടറിയുമാണ് ദേവസ്വം ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുന്നത്. എന്നാൽ, യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ടതും സർക്കാരിനും ഹൈക്കോടതിക്കും റിപ്പോർട്ട് നൽകേണ്ടതും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ ദേവസ്വം കമ്മീഷണറാണ്. എന്നാൽ, ദേവസ്വം സ്പെഷ്യൽ റൂൾ പ്രകാരം ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ ഇതുവരെ കമ്മീഷണർമാർക്ക് അധികാരമില്ല. ഈ തീരുമാനത്തിലാണ് സുപ്രധാന മാറ്റം വരുത്തിയത്. നിർണായക തീരുമാനങ്ങളെടുക്കേണ്ട യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥന്‍റെ പങ്കാളിത്തം നല്ലതാകുമെന്ന വിലയിരുത്തിയാണ് ദേവസ്വം കമ്മീഷണറെ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.
ഇതിനായി സ്പെഷ്യൽ റൂളിൽ മാറ്റംവരുത്തും. വിജ്ഞാപനം ഇറങ്ങിയാൽ ഇനി മുതൽ ബോർഡ് യോഗങ്ങളിൽ കമ്മീഷണർക്ക് പങ്കെടുക്കാം. തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥന് ബോർഡ് യോഗത്തിൽ പങ്കാളിത്തമില്ലെന്ന പരാതി നേരത്തെ ദേവസ്വം മന്ത്രി വിളിച്ച യോഗത്തിൽ മുൻ ദേവസ്വം കമ്മീഷണർ ഉന്നയിച്ചു. സി.പി നായരും കെ. ജയകുമാറും അടക്കമുള്ള സ്പെഷ്യൽ കമ്മീഷണർമാരും വർഷങ്ങൾക്ക് മുൻപ് തന്നെ കമ്മീഷണർക്ക് പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ടുവെങ്കിലും ബോർഡിന്‍റെ എതിർപ്പു കാരണം ആവശ്യം തള്ളുകയായിരുന്നു.
സെക്രട്ടറിയേറ്റിൽ നിന്നുള്ള അഡീഷണൽ സെക്രട്ടറിയായ ഒരു ഉദ്യോഗസ്ഥനാണ് കമ്മീഷണറുടെ പദവിയിൽ ഇപ്പോഴുള്ളത്. ദേവസ്വം ജീവനക്കാർക്കും സ്ഥാനകയറ്റത്തിലൂടെ കമ്മീഷണറാകാമെങ്കിലും യോഗ്യതയുള്ള ഉദ്യോഗസ്ഥരില്ലാത്തിനാലാണ് സെക്രട്ടറിയേറ്റിൽ നിന്നും ഡെപ്യൂട്ടേഷൻ വഴി നിയമനം നൽകുന്നത്. ശബരിമല മാസ്റ്റർ പ്ലാനിനായുള്ള ധനവിനിയോഗ മേൽനോട്ടത്തിന് സെക്രട്ടറിയേറ്റിൽ നിന്നും ഒരു അണ്ടർ സെക്രട്ടറിയെ കൂടി നിയമിക്കും. ഇതോടെ ദേവസ്വം പ്രവർത്തനങ്ങളിൽ സെക്രട്ടറിയേറ്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടം കുറേകൂടി ശക്തമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam