
തിരുവനന്തപുരം: വി ഡി സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്ന് ബിജെപി. മുസ്ലീം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. കോൺഗ്രസിന്റെ ഹൈക്കമാൻഡ് പാണക്കാട് ഹൗസിലാണെന്നും ബിജെപി അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതികരണം.
"അടുത്ത അഞ്ച് വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് നൽകുന്നത്. കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷ അഭിപ്രായം വി ഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും മുസ്ലീം ലീഗിന്റെ സമ്മർദം ഒന്നുമാത്രമാണ് വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ കാരണം. തങ്ങളുടെ പുതിയ ഒരു 'മതജില്ല' അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ലീഗിന് വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെയാണ്, അത് അവർ നേടിയെടുത്തു. അതെ, കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്".
അതേസമയം സമാന ആരോപണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ ആയിരുന്നു തെരഞ്ഞെടുക്കേണ്ടതെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല തുടർച്ചയായി അവഗണന നേരിടുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സുകുമാരൻ നായർ പ്രതികരിക്കാൻ തയ്യാറായില്ല.
ദില്ലിയിൽ ദിവസങ്ങളോളം നീണ്ട കൂടിയാലോചനയ്ക്ക് ഒടുവിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നെങ്കിലും അണികളുടെ വികാരവും ഘടകക്ഷികളുടെ നിലപാടും കണക്കിലെടുത്താണ് പാർട്ടി വി ഡി സതീശനിലേക്ക് എത്തിയത്. അതേസമയം വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്ന ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായി കെ സി വേണുഗോപാൽ പ്രതികരിച്ചെങ്കിലും രമേശ് ചെന്നിത്തല ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ചെന്നിത്തല കടുത്ത അതൃപ്തിയിലാണെന്ന സൂചനയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam