'സൂംബാ' നൃത്തം പാഠ്യപദ്ധതിക്ക് എതിരായ വ്യാജ പ്രചാരണങ്ങൾ അത്യന്തം പ്രതിഷേധാർഹം, ചെറുത്തുതോൽപ്പിക്കുമെന്നും എഐവൈഎഫ്

Published : Jun 28, 2025, 03:36 PM ISTUpdated : Jun 29, 2025, 12:06 AM IST
aiyf zumba

Synopsis

വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ്

തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി എ ഐ വൈ എഫ്. വിദ്യാർത്ഥിൾക്കിടയിൽ വർദ്ധിച്ചു വരുന്ന അരാജകപ്രവണതയും അതുവഴി രൂപപ്പെടുന്ന ലഹരി ഉപയോഗവും നമ്മുടെ യുവതലമുറയുടെ ഇച്ഛാശേഷിയെ പൂർണ്ണമായും നശിപ്പിക്കുന്ന സാഹചര്യത്തിൽ ലഹരി ഉപയോഗം ഇല്ലാതാക്കാനും മാനസിക സമ്മർദം കുറയ്‌ക്കാനുമുള്ള സമഗ്ര കായിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി രൂപപ്പെടുത്തിയ 'സൂംബാ' നൃത്തം പാഠ്യപദ്ധതിക്കെതിരിൽ ചില സംഘടനകൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് എ ഐ വൈ എഫ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ അക്കാദമിക ജീവിതത്തെ പരിപോഷിപ്പിക്കുകയും അവരിലെ പ്രതിലോമചിന്തകളെ നിർമ്മാർജ്ജനം ചെയ്ത് ആരോഗ്യകരമായ ജീവിതശൈലി പ്രദാനം ചെയ്യുകയും ചെയ്യുന്ന പ്രായോഗിക പരിശീലനത്തെ അടച്ചാക്ഷേപിച്ചും ആൺ കുട്ടികളും പെൺ കുട്ടികളും തമ്മിൽ ഇട കലർന്നുള്ള മത വിരുദ്ധവും അധാർമികവുമായ നൃത്തമെന്ന വ്യാജാരോപണം ഉന്നയിച്ചു കൊണ്ടുമാണ് സൂംബക്കെതിരെ നിലവിൽ ചില തല്പര കക്ഷികൾ രംഗത്തെത്തിയിരിക്കുന്നതെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ചൂണ്ടികാട്ടി.

മദ്യവും മയക്കു മരുന്നുമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിത വ്യവഹാരങ്ങളിലും ബോധമണ്ഡലങ്ങളിലും സമഗ്രാധിപത്യം സ്ഥാപിച്ച് പൊതു ജനാരോഗ്യത്തിനും സാമൂഹ്യപുരോഗതിക്കും കടുത്ത വിഘാതം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കേരളം കണ്ടു കൊണ്ടിരിക്കുകയാണ്. വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം യുവ തലമുറയടക്കമുള്ള സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുശക്തവും കാര്യ ക്ഷമവുമായ പ്രതിരോധ മാർഗ്ഗങ്ങൾ വിവിധ വകുപ്പുകളെ എകോപിപ്പിച്ചു കൊണ്ട് ഫലപ്രദമായി നടപ്പാക്കുന്ന സർക്കാർ നിലപാടുകളെ ദുർബലപ്പെടുത്തുന്ന സമീപനം ഉപേക്ഷിക്കണമെന്നും സൂംബ വിരുദ്ധ പ്രചാരണങ്ങളെ ചെറുത്ത് തോല്പിക്കുമെന്നും എ ഐ വൈ എഫ് വ്യക്തമാക്കി. വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

നേരത്തെ സ്‌കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ട് മതത്തിന്റെ പേരിൽ കള്ള പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ഡി വൈ എഫ് ഐയും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം ജൽപനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്‍റും വ്യക്തമാക്കി. സൂംബ ഡാൻസുമായി മുന്നോട്ട് പോകാൻ സർക്കാരിന് ശക്തമായ പിന്തുണ നൽകും. മതത്തെ കൂട്ടു പിടിച്ചു നടക്കുന്നത് ഹീനമായ ശ്രമങ്ങളാണ്. കേരളത്തെ പിന്നോട്ട് തിരിച്ചു കൊണ്ടു പോകാനുള്ള നീക്കമാണിത്. സൂംബയിൽ എവിടെയാണ് അൽപ വസ്ത്രം ധരിക്കുന്നത്? എം എസ് എഫിന്റെ എത്ര പരിപാടികളിൽ ഡാൻസ് നടക്കുന്നുണ്ട്? വർഗീയത പറയുന്നതിൽ കെ എം ഷാജിക്ക് പഠിക്കുകയാണ് എം എസ് എഫെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും വി വസീഫും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം