'ആകെ മുങ്ങിയാൽ കുളിരില്ല, അഴിയെങ്കിൽ അഴി, കയറെങ്കിൽ കയ‍ർ'; അർജുൻ ആയങ്കിക്കെതിരേ വീണ്ടും കേസ്, പിന്നാലെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പ്

Published : Aug 06, 2026, 06:40 PM IST
arjun aayanki

Synopsis

പൊലീസ് കേസെടുത്തതിന് പിന്നാലെ വീണ്ടും അർജുൻ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. നല്ല ജീവിതം നയിക്കാന്‍ ഇറങ്ങിയെ തന്നെയും സുഹൃത്തുക്കളെയും ഒറ്റരാത്രികൊണ്ട് പൊലീസ് തകര്‍ത്ത് തരിപ്പണമാക്കിയെന്നും, ഇനി ഒന്നും പഴയപടിയാകില്ലെന്നും, ആകെ മുങ്ങിയാല്‍ കുളിരില്ലെന്നും അർജുൻ ആയങ്കി ഫെയ്സ്ബുക്കിൽ കുറിച്ചു.

കൊച്ചി: കോതമംഗലം പൊലീസ് ഇന്‍സ്പെട്കറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകല്‍ ഇന്‍സ്പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. ഇന്‍സ്പെക്ടറുടെ പരാതിയില്‍ ക്രിമിനല്‍ ഭീഷണി, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളിട്ടാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ ഓഡിയോ പങ്കുവച്ചായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പുതിയ ഭീഷണി.

അതിനിടെ, പൊലീസ് കേസെടുത്തതിന് പിന്നാലെ വീണ്ടും അർജുൻ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. നല്ല ജീവിതം നയിക്കാന്‍ ഇറങ്ങിയെ തന്നെയും സുഹൃത്തുക്കളെയും ഒറ്റരാത്രികൊണ്ട് പൊലീസ് തകര്‍ത്ത് തരിപ്പണമാക്കിയെന്നും, ഇനി ഒന്നും പഴയപടിയാകില്ലെന്നും, ആകെ മുങ്ങിയാല്‍ കുളിരില്ലെന്നും അർജുൻ ആയങ്കി ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തേ കോതമം​ഗലം ഇൻസ്പെക്ടർക്കെതിരേ പോസ്റ്റ് ചെയ്ത കുറിപ്പിൽ പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞത് കൊല്ലാൻ ഉദ്ദേശിച്ചല്ലെന്നും ഇത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇൻസ്പെക്ടറുടെ ജോലി കളയുമെന്നാണ് ഉദ്ദേശിച്ചതെന്നും അർജുൻ ആയങ്കി പറഞ്ഞു.

കോതമംഗലത്തെ പൊലീസ് ഉദ്യോഗസ്ഥന് തന്നെ ജയിയിലാക്കുക മാത്രമായിരുന്നു ഉദ്ദേശം. കേസൊന്നുമില്ലാതെ പുതിയ ജീവിതം കെട്ടിപൊക്കിയ ആറുപേരെ ഒറ്റരാത്രികൊണ്ട് തകര്‍ത്ത് താറുമാറാക്കി. പിടികിട്ടാപുള്ളിയോ തീവ്രവാദിയോ അല്ലാത്ത താന്‍ ഡാന്‍സ് കളിച്ചതാണത്രെ കുറ്റം. പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട വേദന എങ്ങനെ പ്രകടിപ്പിക്കണം എന്നാണ് പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ വാങ്ങി ജീവിക്കാന്‍ സമ്മതിക്കില്ല എന്നത് കൊന്ന് കളയുമെന്നല്ല, ജോലി കളയിപ്പിക്കുമെന്നാണ് ഉദ്ദേശിച്ചത്. ഇനിയൊരിക്കലും പഴയതുപോലെയായിരിക്കില്ല. ആകെ മുങ്ങിയാല്‍ കുളിരില്ല. ഏറ്റുവാങ്ങേണ്ടിവരുന്ന ദുരിതങ്ങളെത്ര കഠിനമായിരിക്കുമെന്ന ധാരണ എനിക്കുണ്ട്. “അഴിയെങ്കിൽ അഴി കയറെങ്കിൽ കയറെന്ന” വട്ട് ജയൻ സിദ്ധാന്തമാണെന്റെ പ്രകൃതം. കേരള പൊലീസിനോടെനിക്ക് ബഹുമാനം മാത്രമേയുള്ളൂ. എന്നോട് അന്യായം ചെയ്തയാളോട് മാത്രമേ പകയും വൈരാഗ്യവുമുള്ളൂ. കീഴടങ്ങാൻ തുനിഞ്ഞവന്റെ മൂർദ്ധാവിൽ തുപ്പുന്ന പണിയെടുത്തതിന്റെ പ്രതികരണമാണ് ഇന്ന് കണ്ടത്. പടച്ചോനെ മാത്രേ പേടിയുള്ളു, മനുഷ്യന്മാരെയില്ലെന്നും അർജുൻ ആയങ്കി കുറിച്ചു.

മെയ് മാസത്തിലാണ് കോതമംഗലത്തെ റിസോർട്ടിൽവെച്ച് അർജുൻ ആയങ്കിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ കോതമംഗലം സിഐയെ കാക്കിയിട്ട് പെൻഷൻ വാങ്ങാൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചു. ഇതിലാണ് ഊന്നുകൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. തുടർന്നാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഊന്നുകൽ ഇൻസ്പെക്ടർക്കെതിരേയും ആയങ്കി ഭീഷണി മുഴക്കിയത്. പുതിയ ഭീഷണി ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ഇന്‍സ്പെക്ടറുടെ പരാതിയില്‍ ഊന്നുകല്‍ പൊലീസ് വീണ്ടും കേസെടുക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും; അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ നാളെ അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടർ
കെഎസ്ആര്‍ടിസിയിൽ വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോൾഫ്രീ നമ്പറും എത്തി; എഐ പുതിയ യുഗത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സിപി ജോൺ