
തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖര്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. എന്നാൽ ഇതിന്‍റെ ഉത്തരവാദിത്തം ഒരു കരാറുകാരന്‍റെ തലയിൽ കെട്ടിവെച്ച് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാൻ കഴിയില്ല.
കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നു എന്ന് അവർ വ്യക്തമാക്കണം. ഓരോ വികസന പദ്ധതിയും നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. ഇത്തരം ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല. ഈ ദുരന്തത്തിന് കാരണക്കാരായവരെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. നിലവിൽ പ്രദേശവാസികൾ ക്യാമ്പിൽ തുടരുകയാണ്.
കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർഎഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. നിലവിൽ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam