
തിരുവനന്തപുരം: ചിറയിൻകീഴിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരൻ പാമ്പ് കടിച്ച് മരിച്ചതിൽ താലൂക്ക് ആശുപത്രിക്ക് വീഴ്ചയില്ലെന്ന് കാണിച്ച് സൂപ്രണ്ട് ഡി എം ഒക്ക് റിപ്പോർട്ട് നൽകി. രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ആന്‍റിവെനം ആവശ്യത്തിന് സ്റ്റോക്കുണ്ടായിരുന്നു. ആരോഗ്യ അവസ്ഥ മോശമാകുന്നത് കണ്ടാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും സൂപ്രണ്ട് ഡി എം ഒക്ക് നൽകിയ വിശദീകരണത്തിലുണ്ട്. സംഭവത്തിൽ ഡി എം ഒ സുപ്രണ്ടിനോട് റിപ്പോർട്ട് തേടിയിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് അച്ഛന്റെ പരാതിയിലാണ് ഡി എം ഒ റിപ്പോർട്ട് തേടിയത്. കാലിലൂടെ എന്തോ ഇഴഞ്ഞെന്ന് കുട്ടി പറഞ്ഞിരുന്നു. വിഷബാധയുടെ ലക്ഷണങ്ങൾ കുട്ടി പ്രകടിപ്പിച്ചിരുന്നെങ്കിലും അത് തിരിച്ചറിയുന്നതിൽ ഡോക്ടർക്ക് വീഴ്ചപറ്റിയെന്ന പരാതി ആവർത്തിക്കുകയാണ് രക്ഷിതാക്കൾ.
തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്നലെ വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam