എകെജി സെന്‍ററിന് നേരെ ബോംബേറ്; ബോംബെറിഞ്ഞത് സ്കൂട്ടറില്‍ വന്നയാള്‍

By Web TeamFirst Published Jul 1, 2022, 12:03 AM IST
Highlights

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടക്കുകയാണ്. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനെതിരെ ബോംബേറ്. എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടക്കുകയാണ്. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു

എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു.  മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിര്‍ന്ന സിപിഎം നേതാക്കള്‍ എകെജി സെന്‍ററില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. എംഎല്‍എമാരും, എംപിമാരും സ്ഥലത്തുണ്ട്.  ഇതിന് പുറമേ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും സംഭവം അറിഞ്ഞ് എകെജി സെന്‍ററിന് മുന്നില്‍ തടിച്ചുകൂടി. 

ഏകെജി സെന്‍ററിനെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് ഇപി ജയരാജന്‍

എകെജി സെന്‍ററിനെതിരായ ആക്രമം; കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സിപിഎം

സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍‍ ഇപി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. തലസ്ഥാനത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു. 

എകെജി സെന്‍ററിനെതിരായ ആക്രമണം: കനത്ത ജാഗ്രതയില്‍ പൊലീസ്

click me!