കണ്ണൂര്‍ ഡി.സി.സി ഓഫിസിനും സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. നൈറ്റ് പട്രോളിങ് ശക്തമാക്കി. 

തിരുവനന്തപുരം: എകെജി സെന്‍ററിനെതിരായ ആക്രമണത്തെ തുടര്‍ന്ന് പൊലീസ് കനത്ത ജാഗ്രതയില്‍. തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു. കണ്ണൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. 

കണ്ണൂര്‍ ഡി.സി.സി ഓഫിസിനും സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. നൈറ്റ് പട്രോളിങ് ശക്തമാക്കി. കമ്മിഷണറുടെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തുന്നു. രാഹുല്‍ ഗാന്ധി വരുന്നത് കണത്തിലെടുത്ത് വിമാനത്താവളത്തിലും വന്‍ സുരക്ഷയൊരുക്കും. വിവിധ ജില്ലകളിലെ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

എകെജി സെന്‍ററിന് നേരെ ബോംബേറ്; ബോംബെറിഞ്ഞത് സ്കൂട്ടറില്‍ വന്നയാള്‍

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്.

മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.