എകെജി സെന്‍ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഇപി ജയരാജന്‍ ആരോപിച്ചു

തിരുവനന്തപുരം: എകെജി സെന്ററിനെതിരെ നടന്ന ബോംബെറ് ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കോണ്‍ഗ്രസുകാര്‍ എകെജി സെന്‍ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഇപി ജയരാജന്‍ ആരോപിച്ചു. അവര്‍ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണ്.

എന്നാല്‍ ഈ സംഭവത്തില്‍ സിപിഐഎം അണികള്‍ ഒരുതരത്തിലും പ്രകോപിതരാകരുതെന്നും. ഒരുതരത്തിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കരുതെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജന്‍‍ പറഞ്ഞു.

എകെജി സെന്‍ററിന് നേരെ ബോംബേറ്; ബോംബെറിഞ്ഞത് സ്കൂട്ടറില്‍ വന്നയാള്‍

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്.

മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.