സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനം സിബിഐ അന്വേഷിക്കണം, നിയമ സഹായം ഉറപ്പാക്കുമെന്ന് കോൺഗ്രസ്

By Web TeamFirst Published Nov 12, 2021, 7:29 AM IST
Highlights

ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഎം പ്രാദേശിക നേതാവ് സജീവന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ്. സജീവന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുമെന്ന് വീട് സന്ദർശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. 

ആലപ്പുഴ: തോട്ടപ്പള്ളിയിലെ സിപിഎം പ്രാദേശിക നേതാവ് സജീവന്റെ തിരോധാനം രാഷ്ട്രീയമായി ഏറ്റെടുക്കുകയാണ് കോൺഗ്രസ്. സജീവന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സജീവന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുമെന്നും പറഞ്ഞു.  സജീവന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുധാകരൻ. 

തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവനെ കാണാതായിട്ട് 43 ദിവസം പിന്നിട്ടു. ബ്രാഞ്ച് സമ്മേളനത്തിന് തൊട്ടുമുമ്പ് കാണാതായതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്നാണ് ആക്ഷേപം. ഇതിനിടെ കുടുംബത്തിന് പിന്തുണയുമായി കെപിസിസി അധ്യക്ഷൻ സജീവന്റെ വീട്ടിലെത്തുകയായിരുന്നു. സജീവനെ കാണാതായത് സിപിഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയെന്ന് സുധാകരൻ കുറ്റപ്പെടുത്തി.

സജീവന്റെ തിരോധാനത്തിൽ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹ‍‍ർജി നൽകിയിരുന്നു. പൊലീസിനോട് റിപ്പോർട്ട് തേടിയ കോടതി, കേസ് അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും. ആക്ഷേപം നേരിടുന്ന രാഷ്ട്രീയ പാർട്ടിയെ കക്ഷി ചേർക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. അതേസമയം സിപിഎം തോട്ടപ്പള്ളി ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഇരുപത്തി അഞ്ചിൽ അധികം പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്‌തെങ്കിലും സൂചനകളൊന്നും കിട്ടിയിട്ടില്ല.

Read More: 'നേതൃത്വത്തിന്റെ മൗനം ദുരൂഹം', ആലപ്പുഴയിലെ സിപിഎം നേതാവ് സജീവന്റെ തിരോധാനത്തിൽ പാ‍ർട്ടിക്കെതിരെ ഭാര്യ

Read More: സിപിഎം പ്രവർത്തകന്റെ തിരോധാനം: ഭാര്യയുടെ ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസയച്ചു

 

 

 

 

 

 

click me!