പാലക്കാട്: കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കാനുള്ള കേന്ദ്ര ഏജൻസിയുടെ പദ്ധതി അനിശ്ചിതത്വത്തിൽ. നെല്ല് സംഭരിക്കാൻ കർഷകരിൽ നിന്ന് സമ്മതപത്രം വാങ്ങിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. കേന്ദ്ര ഏജൻസി ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാതെ പദ്ധതി നടപ്പിലാക്കാൻ ആകില്ലെന്നുമാണ് ബിജെപി പറയുന്നത്.
നെല്ല് സംഭരിക്കാൻ തൃശൂർ, പാലക്കാട് ജില്ലകളിലെ കർഷകരിൽ നിന്ന് കഴിഞ്ഞ വർഷം അവസാനമാണ് കേന്ദ്ര ഏജൻസിയായ നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ എന്ന എൻസിസിഎഫ് സമ്മതപത്രം വാങ്ങിയത്. കയറ്റുമതി അടക്കം മുന്നിൽ കണ്ട് തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ നിന്ന് ഗുണനിലവാരമുള്ള നെല്ല് സംഭരിക്കുമെന്നായിരുന്നു അറിയിപ്പ്. പാലക്കാട്ടെ 5 പഞ്ചായത്തുകളിൽ നിന്നായി 500 കർഷകരുടെ സമ്മതപത്രം കൈപ്പറ്റി. ആദ്യഘട്ടത്തിൽ പാലക്കാട്ടും തൃശൂരിലും നിന്നായി അമ്പതിനായിരം ടൺ നെല്ല് സംഭരിക്കാനായിരുന്നു തീരുമാനം. എന്നാൽ തുടർനടപടി ഒന്നുമായില്ല. തെരഞ്ഞെടുപ്പ് കാലത്ത് വലിയ വാഗ്ദാനം നൽകി കർഷകരെ ബിജെപി പറ്റിച്ചുവെന്നാണ് ആക്ഷേപം. അതേസമയം, കയറ്റുമതിക്ക് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നാണ് ബിജെപി പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam