
ന്യൂഡൽഹി : ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ, ജുവനൈലിന്‍റെ പിതാവും വാഹനത്തിന്‍റെ ഉടമസ്ഥനുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് തീക്കാടൻ ചേരാനല്ലൂർ പോലീസിൽ പരാതി നൽകി. ഒക്ടോബർ 25ന് പുലർച്ചെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ 55 വയസുകാരനായ ജയബാലകൃഷ്ണനാണ് മരിച്ചത്.
സംഭവത്തിൽ ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 499/2026-ൽ വാഹനമോടിച്ച ജുവനൈലിന്‍റെ പിതാവിനെതിരെ മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം പ്രായപൂർത്തിയാകാത്തവർ നടത്തുന്ന നിയമലംഘനങ്ങൾക്ക് നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്നും മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ നിയമപ്രകാരം ഒരു വർഷത്തേക്ക് റദ്ദാക്കുന്നതിനും ജുവനൈലിന് 25 വയസ് പൂർത്തിയാകുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ജുവനൈലിന്‍റെ കൈവശമെത്തിയ സാഹചര്യം, വാഹനത്തിന്‍റെ യഥാർത്ഥ ഉടമസ്ഥാവകാശം, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ജുവനൈലിനെതിരെയുള്ള നടപടികൾക്ക് പുറമേ രക്ഷിതാവിന്‍റെ നിയമപരമായ ഉത്തരവാദിത്തവും സ്വതന്ത്രമായി അന്വേഷിക്കണമെന്ന കേരള ഹൈക്കോടതിയുടെ മുൻവിധിയും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട വ്യക്തി ജുഡീഷ്യൽ ഓഫീസറായതിനാൽ, നിയമപ്രകാരമുള്ള നടപടികൾ ഉറപ്പാക്കുന്നതിനും വിഷയത്തിൽ ആവശ്യമായ ഭരണപരമായ പരിശോധന നടത്തുന്നതിനുമായി ജഡ്ജിക്കെതിരെ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിനെയും സമീപിക്കുമെന്ന് അഡ്വ. സുഭാഷ് തീക്കാടൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam