
തിരുവനന്തപുരം: ചിറയിൻകീഴിലെ കെഎസ്ആർടിസി ബസ് സർവീസ് ഉദ്ഘാടന വിവാദത്തിൽ സിപിഐ പരാതി നൽകി. മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്ണകുമാർ കെഎസ്ആർടിസി ബസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചതിലാണ് പ്രോട്ടോക്കോൾ ലംഘനം ഉന്നയിച്ച് സിപിഐ കെഎസ്ആർടിസി സിഎംഡിക്ക് പരാതി നൽകിയത്.
ചിറയിൻകീഴിൽ നിന്ന് കൊല്ലത്തേക്കുള്ള കെഎസ്ആർടിസിയുടെ പുതിയ ഫാസ്റ്റ് പാസഞ്ചർ സർവ്വീസിന്റെ ഉദ്ഘാടനമാണ് മന്ത്രി ബിന്ദുകൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ എസ് കൃഷ്ണകുമാർ നിർവഹിച്ചത്. രമ്യ ഹരിദാസ് എംഎൽഎയെ ആയിരുന്നു ഉദ്ഘാടകയായി തീരുമാനിച്ചിരുന്നത്. എന്നാൽ രമ്യ പങ്കെടുക്കുന്ന തിരുവനന്തപുരത്തെ പാർട്ടി പരിപാടി നീണ്ടുപോയതാണ് ഉദ്ഘാടകനെ മാറ്റാൻ കാരണമെന്നാണ് കോൺഗ്രസ് വിശദീകരണം. അതേസമയം, കൃഷ്ണകുമാർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
എന്നാൽ, പാർട്ടി ഭാരവാഹി എങ്ങനെ ബസ് സർവീസിന്റെ ഉദ്ഘാടകനാകുമെന്നാണ് സിപിഐ ഉന്നയിക്കുന്ന ചോദ്യം. മന്ത്രിയുടെ ഭർത്താവ് എന്ന നിലയിൽ വ്യക്തിപരമായ സ്വാധീനം ഉന്നയിച്ച് ഉദ്ഘാടനം നടത്തിയെന്ന് കാണിച്ചാണ് സിപിഐ കെഎസ്ആർടിസി സിഎംഡിക്ക് പരാതി നൽകിയത്. കൃഷ്ണകുമാർ മുൻ പഞ്ചായത്ത് അംഗവും കേരള സർവകലാശാലയിലെ മുൻ സിണ്ഠിക്കേറ്റ് അംഗവുമാണ്. പരാതി പരിശോധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ചിറയിൻകീഴിൽ രമ്യ ഉൾപ്പെട്ട കയ്യാങ്കളി വിവാദത്തിന് പിന്നാലെയാണ് മന്ത്രിയുടെ ഭർത്താവിന്റെ ഉദ്ഘാടനവും ചർച്ചയാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam